ആടുജീവിതത്തിലെ ആ സീനൊന്ന് മാറ്റിപിടിച്ചാലോ എന്ന് പൃഥ്വിരാജ് ചോദിച്ചു, അദ്ദേഹം എപ്പോഴും അങ്ങനെയാണ്: ബെന്യാമിന്‍
Entertainment news
ആടുജീവിതത്തിലെ ആ സീനൊന്ന് മാറ്റിപിടിച്ചാലോ എന്ന് പൃഥ്വിരാജ് ചോദിച്ചു, അദ്ദേഹം എപ്പോഴും അങ്ങനെയാണ്: ബെന്യാമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th February 2023, 11:01 am

വളരെ പ്രൊഫഷണലായ സിനിമാക്കാരനാണ് നടന്‍ പൃഥ്വിരാജെന്ന് എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്‍. അദ്ദേഹത്തിന് സിനിമയുടെ വിവിധ തലങ്ങളെ കുറിച്ച് അറിയാമെന്നും കഥാപാത്രത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ഇന്ദുഗോപന്‍ പറഞ്ഞു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പക്കാ പ്രൊഫണലായ ഒരു സിനിമാക്കാരനാണ് പൃഥ്വിരാജ്. ഒരു സിനിമാ മെറ്റീരിയല്‍ എവിടെയുണ്ടെന്ന് അയാള്‍ക്ക് കണ്ടുപിടിക്കാനറിയാം. സിനിമയുടെ വിവിധ തലങ്ങളെ കുറിച്ച് അയാള്‍ക്കറിയാം. ഒരു കഥാപാത്രത്തിന്റെ സാധ്യതകളെ കണ്ടെത്താനും കാര്യമായി മനസിലാക്കാനും അദ്ദേഹത്തിന് സാധിക്കും.

അങ്ങനെ കണ്ടെടുക്കാനുള്ള ശേഷിയുള്ളതുകൊണ്ടാണ് ചില സാധനങ്ങള്‍ എന്റെയടുത്തേക്ക് വന്നത്. അവനവന്റെ കഴിവിനെ കണ്ടെത്തുക എന്നത് ചെറിയ കാര്യമല്ല. അത് കൃത്യമായി ഉപയോഗിക്കാനും അദ്ദേഹത്തിനറിയാം. അതുപോലെ കണ്ടെന്റ് കണ്ടെത്തുക എന്നുപറയുന്ന ഒരു പ്രക്രിയയുണ്ട്. അത് നന്നായി അദ്ദേഹം ചെയ്യാറുണ്ട്,’ ഇന്ദുഗോപന്‍ പറഞ്ഞു.

ഇതേ അഭിമുഖത്തില്‍ പങ്കെടുത്ത എഴുത്തുക്കാരനായ ബെന്യാമിനും പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞു. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതം സിനിമയാകുമ്പോള്‍ അതില്‍ നായകനായെത്തുന്നത് പൃഥ്വിരാജാണ്. ഷൂട്ടിങ് സെറ്റില്‍ ചെറിയ കാര്യങ്ങളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ പോലും പരിഹരിച്ച് മാത്രമെ പൃഥ്വിരാജ് മുമ്പോട്ട് പോവുകയുള്ളു എന്ന് ബെന്യാമിന്‍ പറഞ്ഞു.

‘അദ്ദേഹത്തെ സംബന്ധിച്ച് ഒരു കഥാപാത്രം ഓരോ നിമിഷത്തിലും എങ്ങനെ പെരുമാറും പെരുമാറില്ലാ എന്നൊക്കെ കൃത്യമായി അറിയാം. എല്ലാകാര്യങ്ങളും ഭയങ്കരമായി വിശകലനം ചെയ്താണ് അദ്ദേഹം അഭിനയിക്കുന്നത്. ഒരു കാര്യത്തില്‍ എന്തെങ്കിലും സംശയം അദ്ദേഹത്തിന് തോന്നിയാല്‍ സംവിധായകന്റെ അടുത്ത് ചെന്ന് അതിനെ കുറിച്ച് സംസാരിക്കും.

അല്ലെങ്കില്‍ എന്റെയടുത്ത് വന്ന് എന്നോട് ചോദിക്കും. ചേട്ടാ ഇങ്ങനെയൊക്കെ സംഭവിക്കുമോ, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറുന്നതുവരെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇതൊന്ന് മാറ്റിപിടിച്ചാലോ എന്നുവരെ ചോദിച്ചിട്ടുണ്ട്,’ ബെന്യാമിന്‍ പറഞ്ഞു.

content highlight: writer benyamin about prithviraj