ബാബുവിനെ മര്‍ദിച്ചയാളെ പിടികൂടിയില്ല; പ്രതി ഒളിവിലെന്ന് പൊലീസ്
Kerala News
ബാബുവിനെ മര്‍ദിച്ചയാളെ പിടികൂടിയില്ല; പ്രതി ഒളിവിലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2023, 10:16 am

മാനന്തവാടി: വയനാട്ടില്‍ കൂലി കൂടുതല്‍ ചോദിച്ചതിന് ആദിവാസിയായ ബാബുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല. ചിരാല്‍ സ്‌കൂളിലെ ജീവനക്കാരനായ പ്രതി അരുണ്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്കടക്കം ഇയാള്‍ കടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

അരുണിനെതിരെ എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പലവയല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. എസ്.സി, എസ്.ടി കമ്മീഷനും കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ബാബുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് അരുണിന്റെ കുടുംബത്തിന്റെ അവകാശവാദം. സംഭവദിവസം അരുണ്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും കുടുംബം അറിയിച്ചു.

കുരുമുളക് പറിക്കാന്‍ നൂറ് രൂപ അധികം ചോദിച്ചതിനായിരുന്നു വയനാട് അമ്പവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിന് മര്‍ദ്ദനമേറ്റത്.
സ്ഥിരമായി കുരുമുളക് പറിക്കാന്‍ പോകുന്ന വീട്ടില്‍ നിന്ന് കൂലിയായി നൂറ് രൂപ അധികം ചോദിച്ചതായിരുന്നു ഉടമയെ പ്രകോപിപ്പിച്ചതെന്ന് ബാബു പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 600 രൂപ കൂലിക്ക് പകരം 700 രൂപ ചോദിച്ചതോടെ അരുണ്‍ മുഖത്ത് ചവിട്ടുകയായിരുന്നുവെന്ന് ബാബു പറഞ്ഞു. ആക്രമണത്തില്‍ തലയോട്ടിക്കും താടിയെല്ലിനും പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

മെഡിക്കല്‍ കോളേജില്‍ എത്തിയതിന് പിന്നാലെ സംഭവം കേസാക്കരുതെന്നും കള്ള് കുടിച്ച് വീണതാണെന്ന് പറയണമെന്നും ആയിരം രൂപ നല്‍കാമെന്നും പറഞ്ഞ് അരുണും പിതാവും ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.