വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയ്ന്റ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹര്‍മന്‍പ്രീത് കൗറും സംഘവും വിജയിച്ചത്.
മത്സരത്തില്‍ മുംബൈക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. 43 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ പുറത്താകാതെ 71* റണ്‍സാണ് ഹര്‍മന്‍ അടിച്ചുകൂട്ടിയത്. 165.12 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
കഴിഞ്ഞ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഹര്‍മന്‍ മിന്നും പ്രകടനമാണ് നടത്തിയത്. ദല്‍ഹിക്കെതിരെ 42 പന്തില്‍ 74* റണ്‍സ് നേടി പുറത്താകാതെയായിരുന്നു കഴിഞ്ഞ മത്സരത്തിലും ഹര്‍മന്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇതിനെല്ലാം പുറമെ ടൂര്‍ണമെന്റില്‍ മൂന്ന് തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരം, ടൂര്‍ണമെന്റില്‍ ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരം എന്നിങ്ങനെയാണ് ഹര്‍മന്‍ നേട്ടങ്ങള്‍ കൊയ്തത്. ഇതിന് പുറമെ ഡബ്ല്യു.പി.എല്ലില്‍ കഴിഞ്ഞ മൂന്ന് സീസണില്‍ രണ്ട് തവണ കിരീടം നേടാനും മുംബൈ ക്യാപ്റ്റന് സാധിച്ചിരുന്നു.
മത്സരത്തില്‍ ഹര്‍മന് പുറമെ അഞ്ചാം സ്ഥാനത്ത് ഇറങ്ങിയ നിക്കോള്‍ കാരി 23 പന്തില്‍ 38* റണ്‍സ് നേടി. അമന്‍ജോത് കൗര്‍ 26 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സും ടീമിന് വേണ്ടി സംഭാവന ചെയ്തിരുന്നു.
അതേസമയം ടൂര്‍ണമെന്റിന്റെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റാണ് ടീമിനുള്ളത്. മുംബൈയുടെ അടുത്ത മത്സരം യു.പി വാരിയേഴ്‌സിനെതിരെയാണ്. നവി മുംബൈയാണ് വേദി. ഇന്ന് (ജനുവരി 14ന്) ഡബ്ല്യു.പി.എല്ലില്‍ നടക്കുന്ന മത്സരത്തില്‍ യു.പി വാരിയേഴ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
Content Highlight: WPL 2026: Harmanpreet Kaur In Three Great Record Achievement