
ലോകം ഏറ്റവും കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വെബ്‌സൈറ്റുകളിലൊന്നായ ഐ.എം.ഡി.ബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസ്) പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച 52 അഭിനേതാക്കളുടെ പട്ടികയില്‍ മലയാളത്തിന്റെ ലാലേട്ടന് 7ാം സ്ഥാനം. കമല്‍ഹാസന് 10ാം സ്ഥാനവുമുണ്ട്. ആദ്യ പത്തിലുള്ള ഏഷ്യക്കാരും ഇവര്‍ മാത്രമാണ്.
ഐ.എം.ഡി.ബിയില്‍ ഇത്തരത്തില്‍ ധാരാളം ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടാറുണ്ടെങ്കിലും എല്ലാ ലിസ്റ്റുകളും ഉപയോക്താക്കള്‍ അഗീകരിക്കാറില്ല. എന്നാല്‍ 2014ല്‍ പ്രസിദ്ധീകരിച്ച ഈ ലിസ്റ്റിനാണ് ഐ.എം.ഡി.ബിയില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരമുള്ളത്. മോഹന്‍ലാല്‍ ആദ്യ പത്തിലുള്‍പ്പെട്ടത് ലിസ്റ്റിനു താഴെ കമന്റ് ചെയ്ത് ആഘോഷിക്കുന്നുണ്ട് ആരാധകര്‍.
ചിരിയിലൂടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ വെള്ളിത്തിരയിലെത്തിച്ച ചാര്‍ളി ചാപ്ലിനാണ് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത്. ഗോഡ്ഫാദറിലൂടെ അനശ്വരനായ മര്‍ലിന്‍ ബ്രാന്‍ഡോ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ നടനായ ജാക്ക് നിക്കോള്‍സണ്‍ മൂന്നാം സ്ഥാനത്തും. ആദ്യ പത്തിലുള്‍പ്പെട്ട ഏക അഭിനേത്രി അമേരിക്കക്കാരിയായ മെറില്‍ സ്ട്രീപ്പാണ്.
ഇന്ത്യയില്‍ നിന്ന് 11ാം സ്ഥാനത്ത് ബോളിവുഡ് നടന്‍ അനുപം ഖേര്‍ ഉണ്ട്. 13ാം സ്ഥാനത്ത് നസ്‌റുദ്ദീന്‍ ഷായും. 18ാം സ്ഥാനത്താണ് തിലകന്‍. മമ്മൂട്ടി 21ാം സ്ഥാനത്തും. ബിഗ്ബി അമിതാഭ് ബച്ചന്‍ 32ാം സ്ഥാനത്തൊതുങ്ങി. മിക്കവാറും പരിഗണിച്ചത് അമേരിക്കന്‍ അഭിനേതാക്കളെയാണ് എന്നതാണ് ലിസ്റ്റിന്റെ പോരായ്മ.
