പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ലോക ഒന്നാം നമ്പര്‍ സ്‌ക്വാഷ് താരം; 'ഉക്രൈനെ പറ്റി മാത്രമല്ല, ഇനി ഫല്‌സ്തീനെ കുറിച്ചും സംസാരിക്കാം'
World News
പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ലോക ഒന്നാം നമ്പര്‍ സ്‌ക്വാഷ് താരം; 'ഉക്രൈനെ പറ്റി മാത്രമല്ല, ഇനി ഫല്‌സ്തീനെ കുറിച്ചും സംസാരിക്കാം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 10:52 pm

കെയ്‌റോ: ഉക്രൈന്‍, ഫല്‌സ്തീന്‍ വിഷയത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ലോക ഒന്നാം നമ്പര്‍ സ്‌ക്വാഷ് താരം അലി ഫരാഗ്. ഉക്രൈനെ പറ്റി സംസാരിക്കുന്നത് പോലെ ഫല്‌സ്തീനെ പറ്റി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന ഒപ്‌ടേസിയ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന് ശേഷം പ്രസംഗിക്കവേയാണ് പാശ്ചാത്യമാധ്യമങ്ങള്‍ക്കെതിരെ അലി ഫരാഗ് വിമര്‍ശനമുന്നയിച്ചത്.

‘രാഷ്ട്രീയത്തെ പറ്റിയും കായികവിനോദത്തെ പറ്റിയും സംസാരിക്കാന്‍ നമുക്ക് അനുവാദമില്ലായിരുന്നു. പക്ഷേ പെട്ടെന്ന് അതിനെല്ലാം അനുവാദം ലഭിച്ചിരിക്കുകയാണ്. ലോകത്തെല്ലായിടത്തമുള്ള അടിച്ചമര്‍ത്തലുകള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഫലസ്തീന്‍ കഴിഞ്ഞ 74 വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്,’ ഫരാഗ് പറഞ്ഞു.

‘പാശ്ചാത്യ മാധ്യമങ്ങളുടെ വിവരണത്തിന് ചേരാത്തതിനാല്‍ ഫലസ്തീന്‍ സംഘര്‍ഷം വാര്‍ത്തകളില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ല. ഇപ്പോള്‍ നാം ഉക്രൈനെ പറ്റി സംസാരിക്കുന്നു. അതിനാല്‍ ഫലസ്തീനെ പറ്റിയും സംസാരിക്കേണ്ടതുണ്ട്,’ പാശ്ചാത്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തി അലി ഫരാഗ് പറഞ്ഞു.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ പറ്റിയുള്ള പാശ്ചാത്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.


യൂറോപ്പിതര രാജ്യങ്ങളിലെ ആക്രമണവും അധിനിവേശവും സാധാരണവല്‍കരിച്ചും ഉക്രൈനിലെ അധിനിവേശം വ്യത്യസ്തമാക്കിയും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറബ്-മിഡില്‍ ഈസ്റ്റ് ജേണലിസ്റ്റ് ശൃംഖല ചൂണ്ടിക്കാണിച്ചിരുന്നു.

ഉദാഹരണങ്ങള്‍ സഹിതം നിരത്തി പ്രമുഖ പാശ്ചാത്യമാധ്യമങ്ങള്‍ക്കെതിരെ മിഡില്‍ ഈസ്റ്റ് ജേണലിസ്റ്റ് അസോസിയേഷന്‍ പ്രസ്താവനയിറക്കിയിരുന്നു.

‘മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളിലെ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവ സാധാരണവല്‍ക്കരിക്കുന്ന പാശ്ചാത്യമാധ്യമങ്ങളുടെ മാനസികാവസ്ഥയാണ് ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇത് മനുഷ്യത്വരഹിതവും യുദ്ധം സാധാരണവും പ്രതീക്ഷിക്കപ്പെട്ടതുമായി ചിത്രീകരിക്കുന്ന അവരുടെ മനോഭാവവുമാണ് കാണിക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.


Content Highlight: World Number one squash player criticizes Western media in ukraine palastine issue