സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും; ഗാന്ധി കുടുംബത്തില്‍ വിശ്വാസമെന്ന് പ്രവര്‍ത്തക സമിതി
national news
സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും; ഗാന്ധി കുടുംബത്തില്‍ വിശ്വാസമെന്ന് പ്രവര്‍ത്തക സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 9:13 pm

ന്യൂദല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനം. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ഗാന്ധി കുടുംബത്തില്‍ വിശ്വാസമര്‍പ്പിച്ചു.
ഗാന്ധികുടുംബത്തില്‍ വിശ്വാസമുണ്ടെന്നും ജനവധി അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി പറഞ്ഞു.

തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണെന്ന് പ്രവര്‍ത്തക സമിതി വിലയിരുന്നു. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമെന്നും സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും പ്രവര്‍ത്തക സമിതി തീരുമാനമെടുത്തു. എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി യോഗത്തെ അറിയിച്ചു.

സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. ഏപ്രിലിൽ ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. പാർട്ടിക്ക് അതിൻ്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.

ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

CONTENT HIGHLIGHTS: Congress Working Committee decides that Sonia Gandhi will continue as Congress President