സ്ത്രീകളുടെ സ്വപ്‌നത്തിനും മേലെ മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്നത് പഴകിയ വീഞ്ഞ്; വണ്ടര്‍ വുമണ് വിമര്‍ശനം
Film News
സ്ത്രീകളുടെ സ്വപ്‌നത്തിനും മേലെ മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്നത് പഴകിയ വീഞ്ഞ്; വണ്ടര്‍ വുമണ് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 9:55 pm

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ നവംബര്‍ 18നാണ് സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഗര്‍ഭകാലത്തെ കുറിച്ചുള്ള ക്ലാസിനായി നദിയ മൊയ്തു അവതരിപ്പിച്ച നന്ദിത നടത്തുന്ന ഗര്‍ഭ ശുശ്രുഷ കേന്ദ്രത്തിലെത്തുന്ന ഗര്‍ഭിണികളിലൂടെയാണ് സിനിമ പോകുന്നത്.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, പ്രസവത്തെ നേരിടേണ്ടത് എങ്ങനെ എന്നിങ്ങനെ പല കാര്യങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

റിലീസിന് പിന്നാലെ വണ്ടര്‍വുമണ്‍ മാതൃത്വത്തെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന വിമര്‍ശനമാണ് ഉയരുന്നത്. അമ്മയാകാനുള്ള സ്ത്രീയുടെ ചോയിസിനെ സിനിമ മഹത്വവല്‍ക്കരിക്കുകയാണ്. അമ്മയാകുന്നത് സാധാരണ കാര്യമാണെന്നും അത് എന്തിനാണ് മഹത്വവല്‍ക്കരിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പല സ്ത്രീകളും ഗര്‍ഭിണികളാവുന്നതോടെ തങ്ങളുടെ കരിയറിനെ പറ്റി ആശങ്കാകുലരാവാറുണ്ട്. പല സ്ത്രീകള്‍ക്കും അമ്മയാകുന്നതിന് പിന്നാലെ ജോലി നിഷേധിക്കപ്പെടുന്നു. ഈ ആശങ്കകളൊന്നും ചിത്രം അഡ്രസ് ചെയ്യുന്നില്ലെന്നും അഭിപ്രായങ്ങളുണ്ട്. ജോലിയും സ്വപ്‌നങ്ങളും വിട്ട് മാതൃത്വത്തിന് മഹത്വം കല്‍പ്പിക്കുന്ന കഥാപാത്രമൊക്കെ, സ്ത്രീയുടെ സ്വപ്‌നത്തിനും മീതെ മാതൃത്വത്തെ സ്ഥാപിക്കുന്ന പഴയ ചിന്താഗതി തന്നെയല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.

തന്നെയുമല്ല, ചിത്രം ഉയര്‍ന്ന ക്ലാസിലുള്ള സ്ത്രീകളുടെ ജീവിതമാണ് കാണിക്കുന്നതെന്നും ഫോറം തികക്കാനായി മിഡില്‍ ക്ലാസില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളെ ചേര്‍ത്തത് പോലെയാണ് തോന്നിയതെന്നും വിമര്‍ശനം വന്നിരുന്നു.

കഥയ്‌ക്കോ കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറിക്കോ ആഴമില്ലായിരുന്നുവെന്നും പല അഭിനേതാക്കളുടെ അഭിനയത്തിലും കൃത്രിമത്വം തോന്നിയെന്നും കുറിപ്പുകളുണ്ട്.

അതേസമയം തന്നെ ചിത്രം ഇഷ്ടപ്പെട്ടെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഗര്‍ഭിണികളുടെ പ്രശ്‌നങ്ങളിലേക്കല്ല അവരുടെ ഇമോഷന്‍സിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ചിത്രത്തെ അഭിനന്ദിച്ച് ചില പ്രൊഫൈലുകള്‍ എഴുതി.

പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, പത്മ പ്രിയ, നദിയ മൊയ്തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Wonder Woman has been criticized for glorifying motherhood