'ആ കഥാപാത്രം അവന്‍ ചെയ്‌തോട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു, അങ്ങനെയാണ് വില്ലനില്‍ നിന്നും മാറി മോഹന്‍ലാല്‍ ആദ്യമായി കോമഡി ചെയ്യുന്നത്'
Film News
'ആ കഥാപാത്രം അവന്‍ ചെയ്‌തോട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു, അങ്ങനെയാണ് വില്ലനില്‍ നിന്നും മാറി മോഹന്‍ലാല്‍ ആദ്യമായി കോമഡി ചെയ്യുന്നത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 8:41 pm

ബാലു കിരിയത്തിന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്ത് വന്ന ചിത്രമാണ് വിസ. ഗള്‍ഫ് മോഹങ്ങളുമായി ജീവിക്കുന്നവരുടെ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജലജ, ശ്രീനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം മമ്മൂട്ടിക്ക് വേണ്ടി പറഞ്ഞുവെച്ചതാണെന്ന് പറയുകയാണ് ബാലു കിരിയത്ത്. മോഹന്‍ലാലിന്റെ ആഗ്രഹപ്രകാരം ആ കഥാപാത്രത്തെ മമ്മൂട്ടി വിട്ടുകൊടുത്തതാണെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലു കിരിയത്ത് പറഞ്ഞു.

‘തൊഴിലില്ലായ്മ കൊടികുത്തി നിന്ന സമയത്ത് ഗള്‍ഫ് വലിയ സ്വപ്‌നമായി കണ്ടവരുടെ കഥയാണ് വിസ പറഞ്ഞത്. തിരുവനന്തപുരവും ബോംബെയുമായിരുന്നു കഥ നടക്കുന്ന സ്ഥലം. സിനിമക്ക് വേണ്ടി ഞാന്‍ ബോംബെ കാണാന്‍ പോയി. പഠിക്കാതെ സ്‌ക്രിപ്റ്റ് എഴുതിയിട്ട് കാര്യമില്ലല്ലോ.

അങ്ങനെ ഞാന്‍ ബോംബെയിലേക്ക് പോയി. ഗള്‍ഫിലേക്ക് പോകാന്‍ വേണ്ടി വിസ കാത്തിരിക്കുന്ന നൂറുകണക്കിന് ആളുകള്‍ അവിടെയുണ്ട്. അവരെയെല്ലാം പോയി കണ്ടു. അപ്പോഴാണ് ഇത് എന്തൊരു കഷ്ടപ്പാടാണ് എന്ന് മനസിലാവുന്നത്. അതിനിടയില്‍ ചതി പറ്റുന്ന ആളുകളുമുണ്ട്.

വിസ കിട്ടാതെ കയ്യിലിരുന്ന മുഴുവന്‍ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട്, നാട്ടില്‍ പോവാനും നിര്‍വാഹമില്ലാതെ കരിക്ക് കച്ചവടം ചെയ്യുന്ന ഒരാളെ അവിടെവെച്ച് പരിചയപ്പെട്ടു. അയാളെ ഏജന്റ് ചീറ്റ് ചെയ്തതാണ്. അയാളെ സിനിമയില്‍ ഒരു മുഖ്യ കഥാപാത്രമാക്കാന്‍ തീരുമാനിച്ചു. ആ കരിക്ക് കച്ചവടക്കാരനില്‍ നിന്നുമാണ് വിസ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തുടങ്ങുന്നത്. ജഗതി ശ്രീകുമാറിനെ കൊണ്ട് ആ കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് വിചാരിച്ചു.

അതിന് ശേഷം മറ്റ് ചില കഥാപാത്രങ്ങളെ ഉണ്ടാക്കി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍, അയാള്‍ ലീവിന് വരാന്‍ കാത്തിരിക്കുന്ന ഭാര്യ. മമ്മൂട്ടിയും ജലജയുമാണ് ആ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചത്. ഇവരുടെയെല്ലാം കോമണ്‍ ഫ്രണ്ടായി അടിച്ചു പൊളിച്ച് ജീവിക്കുന്ന ഒരു സണ്ണിക്കുട്ടിയുണ്ട്, മോഹന്‍ലാല്‍ ആദ്യമായി കോമഡി അവതരിപ്പിച്ച കഥാപാത്രമായിരുന്നു അത്.

മോഹന്‍ലാലിന് ആ കഥാപാത്രം കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ഈ കഥാപാത്രം മമ്മൂട്ടിയെക്കൊണ്ട് ചെയ്യിക്കാമെന്നാണ് ഞാന്‍ ഏറ്റിരുന്നത്. മദ്രാസില്‍ വെച്ച് ഞാനും മമ്മൂട്ടിയും മോഹന്‍ലാലുമിരിക്കുമ്പോള്‍ കംപ്ലീറ്റ് ചെയ്ത സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു. കഥ കേട്ടു കഴിഞ്ഞപ്പോള്‍ സണ്ണികുട്ടി ഞാന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തൊട്ടപ്പുറത്ത് മമ്മൂട്ടി ഇരിപ്പുണ്ട്. പിന്നെന്താ അവന്‍ ചെയ്‌തോട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും മാറി മോഹന്‍ലാല്‍ ആദ്യമായി ഹാസ്യ കഥാപാത്രം ചെയ്യുന്നത്. ആ സിനിമ സൂപ്പര്‍ ഹിറ്റായി. സണ്ണി ക്ലിക്കായി.

മമ്മൂട്ടിയും മോഹന്‍ലാലും സഹോദരന്മാരെ പോലെ സ്‌നേഹിക്കുന്നവരാണ്. അന്നും ഇന്നും അവര്‍ ഒറ്റക്കെട്ടാണ്,’ ബാലു പറഞ്ഞു.

Content Highlight: Balu Kiriyath said that Mammootty gave away the role of sunny as per Mohanlal’s wish in visa movie