അംശ്ലീല സന്ദേശം അയച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി
Kerala
അംശ്ലീല സന്ദേശം അയച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 12:46 pm

തിരുവനന്തപുരം: എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി. വാട്‌സാപ്പിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശം അയക്കുന്നു എന്നാണ് പരാതി.

രണ്ട് വനിതാ എസ്.ഐമാരാണ് തിരുവന്തപുരം റെയിഞ്ച് ഡി.ഐ.ജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. തെക്കന്‍ കേരളത്തിലെ ഒരു ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിച്ചത്.

അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. രണ്ട് പൊലീസുകാരും പരാതിയില്‍ ഉറച്ച് നിന്ന സാഹചര്യത്തിലാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ അജിതാ ബീഗം നിര്‍ദേശിച്ചത്.

തുടരന്വേഷണം എസ്.പി. മെറിന്‍ ജോസഫ് അന്വേഷിക്കും. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡി.ഐ.ജി ശുപാര്‍ശ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈന്റ് സെല്‍ അധ്യക്ഷയാണ് അന്വേഷണ ചുമതലയുള്ള എസ്.പി മെറിന്‍ ജോസഫ്.

പരാതിയുടെ പകര്‍പ്പ് ലഭ്യമായിട്ടില്ല. എസ്.പി ആയിരിക്കേ ഇയാള്‍ക്കെതിരെ മറ്റ് ആരോപണങ്ങളും നേരിട്ടിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. തലസ്ഥാനത്തെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ആളാണ് ഇയാള്‍.

highlight: Women SIs file complaint against IPS officer for sending obscene message