വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന് ഇന്ന് അരങ്ങുണരും. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ കളത്തില്‍ ഇറങ്ങുന്നത്. മുംബൈ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുന്നത്.
ടൂര്‍ണമെന്റിന്റെ നാലാം എഡിഷനില്‍ തങ്ങളുടെ മൂന്നാം കിരീടം ഉന്നമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഒപ്പം കഴിഞ്ഞ തവണ സ്വന്തമാക്കിയ കിരീടത്തില്‍ വീണ്ടും മുത്തമിടുക എന്നതും ടീം ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഉറച്ചാവും ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ ആദ്യ അങ്കത്തിനെത്തുക.
മറുവശത്ത് ബെംഗളൂരു വനിതകളും വിജയമെന്ന ഒറ്റ ലക്ഷ്യത്തിലാണ് കളത്തിലെത്തുന്നത്. ടൂര്‍ണമെന്റില്‍ രണ്ടാം കിരീടമാണ് ആര്‍.സി.ബിയുടെ ലക്ഷ്യം. അതിനാല്‍ തന്നെ ആദ്യ മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെ ആരാധകര്‍ക്ക് വീക്ഷിക്കാന്‍ സാധിക്കും.
നാലാം എഡിഷന്റെ ആദ്യ മത്സരത്തിനൊപ്പം തന്നെ മറ്റൊരു ക്ലാഷിന് കൂടി ആരാധകര്‍ സാക്ഷിയാകും.
മറ്റൊന്നുമല്ല ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും നേര്‍ക്കുനേര്‍ എത്തുന്നതാണിത്.
ഹർമൻ പ്രീത് കൗറും സ്‌മൃതി മന്ഥാനയും . Photo: Women’s Premier League (WPL)/x.com
ഹര്‍മന് കീഴില്‍ മുംബൈ ഇറങ്ങുമ്പോള്‍ മന്ഥാനയുടെ കൈയിലാണ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍സി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകരുടെ ആവേശം പരകോടിയിലാണ്. അതിനാല്‍ തന്നെ ആദ്യ മത്സരത്തില്‍ തീപാറുമെന്ന് ഉറപ്പാണ്.