പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രണ്ട് ദിവസം മുന്‍പാണ് പരാതിക്കാരി രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് യുവതിക്ക് മറുപടി കൈമാറിയിട്ടുണ്ട്.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ തുടരുന്ന രാജീവ് ചന്ദ്രശേഖര്‍ തിരികെ എത്തിയാല്‍ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് ഇ-മെയിലായി പരാതി കൈമാറിയെന്നും നടപടിയെടുക്കാമെന്ന മറുപടി തിരികെ ലഭിച്ചെന്നും പരാതിക്കാരി വെളിപ്പെടുത്തിയതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലക്കാട് എം.എല്‍.എ.യായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പ്രതിഷേധിക്കാനുള്ള അര്‍ഹത സി. കൃഷ്ണകുമാറിനില്ലെന്നും യുവതി കുറ്റപ്പെടുത്തി. കൂടാതെ, കുറ്റക്കാരനായ സി. കൃഷ്ണകുമാറിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്നും പരാതിക്കാരി ആവശ്യമുന്നയിച്ചു.
മുന്‍പ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കൃത്യമായ മറുപടി നല്‍കാതെ അവഗണിച്ചെന്ന് പാലക്കാട് സ്വദേശിനി ആരോപിച്ചു.
ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍ കുട്ടിക്ക് എറണാകുളത്ത് വെച്ച് പരാതി കൈമാറിയിരുന്നു. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ വി. മുരളീധരന്‍, എം.ടി രമേശ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞു.
Content Highlight: Women file Harrasement Complaint against BJP State Vice President