സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ശങ്കരാടി എന്നിവർ.
എന്നാൽ അവരില്ലാതായപ്പോൾ മലയാള സിനിമയിലും സത്യൻ അന്തിക്കാട് സിനിമയിലും അവരെ മിസ് ചെയ്തു. ഇപ്പോൾ അവരെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. തനിക്ക് തിരക്കഥയെഴുതുമ്പോൾ മുഖമില്ലാതായെന്ന് അദ്ദേഹം പറയുന്നു.
‘അവരില്ലാതായപ്പോൾ തിരക്കഥയെഴുതുമ്പോൾ കഥാപാത്രങ്ങൾക്ക് മുഖമില്ലാതായി. എന്തുകൊണ്ടാണ് ഒടുവിലിനെയും ശങ്കരാടിയെയും പറയുന്നത് എന്ന് അറിയാമോ? സെറ്റിൽ വന്നാൽ ആദ്യം ഇവർ സീൻസ് മുഴുവൻ വായിക്കും,’ സത്യൻ അന്തിക്കാട് പറയുന്നു.
തങ്ങളെല്ലാവരും സെറ്റ് ചെയ്ത് റെഡിയായി വരുമ്പോഴേക്കും ഇവരെല്ലാവരും ഡയലോഗുകൾ പഠിച്ചിട്ടുണ്ടാകുമെന്നും ചിലപ്പോൾ തങ്ങളുടെ അടുത്ത് സജക്ഷൻ ചോദിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഇതൊരു കൂട്ടായ വർക്കാണെന്നും സിനിമ തന്റെ മാത്രമല്ലെന്നും പറഞ്ഞ അദ്ദേഹം, ഒരു സ്ഥലത്ത് ചേച്ചി എന്നെഴുതിയാൽ അത് കെ.പി.എ.സി ലളിതയാണെന്നും അമ്മാവൻ എന്നെഴുതിയാൽ അത് ശങ്കരാടിയാണെന്നും കൂട്ടിച്ചേർത്തു.
പിന്നെ താൻ കഥയെഴുതുമ്പോൾ അവരാണ് സംസാരിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. എന്നാൽ ഇവർക്ക് ആരോഗ്യമുള്ള സമയത്ത് ഇവരെയെല്ലാവരെയും തന്റെ സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്നും അക്കാര്യത്തിൽ തനിക്ക് സമാധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയപൂർവ്വത്തിന്റെ കഥ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അല്ലാത്തതു കൊണ്ട് വലിയ പ്രശ്‌നമുണ്ടായില്ലെന്നും പുനെയിലായിരുന്നു പ്രധാന ചിത്രീകരണമെന്നും പറഞ്ഞ സത്യൻ അന്തിക്കാട്, സിദ്ദിഖും ലാലു അലക്‌സും ജനാർദ്ദനനുമൊക്കെ കൂടെയുണ്ടായിരുന്നത് കൊണ്ട് തനിക്ക് പ്രശ്നമായില്ലെന്നും കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഓണത്തിന് എത്തിയ ചിത്രമാണ് ഹൃദയപൂർവ്വം. 10 വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് – മോഹൻലാൽ ഒന്നിച്ച ചിത്രമാണിത്. 2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം വിജയകരമായി പ്രദശനം തുടർന്നുകൊണ്ടിരിക്കുകയാണ്.
Content Highlight: Without them, the characters became faceless while writing the script says Sathyan Anthikkad