ഇത് നോട്ട് നിരോധനമല്ല; കറന്‍സി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗം; ആര്‍.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍
national news
ഇത് നോട്ട് നിരോധനമല്ല; കറന്‍സി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗം; ആര്‍.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 4:07 pm

ന്യൂദല്‍ഹി: 2000 രൂപ നോട്ട് പിന്‍വലിച്ചത് കറന്‍സി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണെന്നും നോട്ട് നിരോധനമല്ലെന്നും ആര്‍.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍.

2000 രൂപ നോട്ടുകള്‍ കുറച്ച് കാലമായി കറന്‍സിയായി ഉപയോഗിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ ആര്‍.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാഗ് പി. ത്രിപാഠി അറിയിച്ചു. 2000 രൂപ പിന്‍വലിച്ചത് സാമ്പത്തിക നയപരമായ തീരുമാനമാണെന്നും ത്രിപാഠി വാദിച്ചു.

2000 നോട്ട് പിന്‍വലിച്ചുള്ള വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹരജിയാണ് കോടതി പരിഗണിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ആര്‍.ബി.ഐക്ക് സ്വതന്ത്രമായ അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം അന്യായവും ഏകപക്ഷീയവും പൊതു നയത്തിന് വിരുദ്ധവുമാണെന്നും ഹരജിയില്‍ വാദിക്കുന്നു. ആര്‍.ബി.ഐ വിജ്ഞാപനങ്ങളെ ചോദ്യം ചെയ്ത് രജനീഷ് ഭാസ്‌കര്‍ ഗുപ്തയാണ് കോടതിയെ സമീപിച്ചത്.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നേരത്തെ, തിരിച്ചറിയല്‍ രേഖയോ ഫോമുകളോ പൂരിപ്പിക്കാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിക്കുന്ന ആര്‍.ബി.ഐയുടെയും എസ്.ബി.ഐയുടെയും നടപടിക്കെതിരെ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായയും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തിരിച്ചറിയല്‍ രേഖയോ ഫോമോ പൂരിപ്പിച്ച് നല്‍കാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അനുവദിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഇത് റദ്ദാക്കണമെന്നും ഉപാധ്യായ പറഞ്ഞു.

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുമുണ്ട്. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് ഹരജിയില്‍ പറയുന്നു.

അഴിമതിയും ബിനാമി ഇടപാടുകളും ഇല്ലാതാക്കാനും പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിനുമായി കള്ളപ്പണത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

മെയ് 19ന് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചതായി ആര്‍.ബി.ഐ പ്രഖ്യാപിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറാനും സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു.

Contenthighlight: Withdrowal of 2000 note is the part of currency management system: RBI