വാഷിങ്ടണ്‍: യു.എസിലെ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച് 22 സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് കേസ് കൊടുത്തിരിക്കുന്നത്.
വാഷിങ്ടണ്‍: യു.എസിലെ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച് 22 സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് കേസ് കൊടുത്തിരിക്കുന്നത്.
യു.എസിന്റെ 47ാമത് പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് നൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റ വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഏകദേശം 700 ഓളം വാക്കുകളുള്ള എക്‌സിക്യൂട്ടീവ് ഉത്തരവായിരുന്നു അത്. ഫെബ്രുവരി അവസാനത്തോടെ ഈ ഉത്തരവ് യു.എസില്‍ പ്രാബല്യത്തില്‍ വരും.
ട്രംപിന്റെ ഉത്തരവ് പ്രകാരം, പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല. കുട്ടിയുടെ അമ്മ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെങ്കിലും വിദ്യാര്‍ത്ഥിയോ ടൂറിസ്റ്റോ ആണെങ്കിലും കുട്ടിക്ക് പൗരത്വം നഷ്ടപ്പെടും.
ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ണ്‍ ഡി.സി എന്നിവയുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാര്‍ കേസ് ഫയല്‍ ചെയ്തത്. ട്രംപിന്റെ ഉത്തരവ് ഭരണഘടനയുടെയും ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളുടെയും പൂര്‍ണ ലംഘനമാണെന്ന് ഇവരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു.
ജന്മാവകാശ പൗരത്വത്തിന്റെ പ്രശ്‌നം ഇതിനകം തീര്‍പ്പാക്കപ്പെട്ട നിയമമാണെന്നും പ്രസിഡന്റുമാര്‍ക്ക് വിശാലമായ അധികാരമുണ്ടെങ്കിലും അവര്‍ രാജാക്കന്മാരല്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.
‘പ്രസിഡന്റിന് ഒരു പേനകൊണ്ട് എഴുതാന്‍ കഴിയുന്നതല്ല 14ാം ഭേദഗതി,’ ന്യൂജേഴ്‌സി അറ്റോര്‍ണി ജനറല്‍ മാറ്റ് പ്ലാറ്റ്കിന്‍ പറഞ്ഞു. ട്രംപിന്റെ ഉത്തരവിനെതിരെ തിങ്കളാഴ്ച കുടിയേറ്റക്കാരുടെ അഭിഭാഷക ഗ്രൂപ്പുകളും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം ട്രംപിന്റെ ഉത്തരവിനെതിരെയുണ്ടായ നിയമനടപടികള്‍ നേരിടാന്‍ സജ്ജരാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ട്രംപിനെ വിമര്‍ശിക്കുന്നവര്‍ നടത്തുന്നത് ഇടതുപക്ഷത്തുള്ളവരുടെ പ്രതിഷേധം മാത്രമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഹാരിസണ്‍ ഫീല്‍ഡ്‌സ് പ്രതികരിച്ചു. കൂടാതെ കോടതിയില്‍ നിയമപരമായ കേസുകള്‍ നേരിടാന്‍ ട്രംപ് ഭരണകൂടം തയ്യാറാണെന്നും ഫീല്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.
‘തീവ്ര ഇടതുപക്ഷക്കാര്‍ക്ക് ഒന്നുകില്‍ വേലിയേറ്റത്തിനെതിരെ നീന്തി ജനങ്ങളുടെ ആഗ്രഹത്തെ നിരസിക്കാം. അല്ലെങ്കില്‍ അവര്‍ക്ക് കപ്പലില്‍ കയറി പ്രസിഡന്റ് ട്രംപിനൊപ്പം പ്രവര്‍ത്തിക്കാം. അങ്ങനെ അദ്ദേഹത്തിന്റെ ജനപ്രിയ അജണ്ട മുന്നോട്ട് കൊണ്ടുപോകാം,’ ഹാരിസണ്‍ ഫീല്‍ഡ്‌സ് പറഞ്ഞു.
Content Highlight: withdrawal of birthright citizenship in the United States; 22 states in court against Trump