അറബ് ജനതയുടെ മുന്നിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നത് അപമാനകരം: ജോർജ്ജ് ഇബ്രാഹിം അബ്ദുള്ള
Trending
അറബ് ജനതയുടെ മുന്നിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നത് അപമാനകരം: ജോർജ്ജ് ഇബ്രാഹിം അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th July 2025, 1:10 pm

ബെയ്‌റൂത്ത്: 40ലേറെ വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം ജോർജ്ജ് ഇബ്രാഹിം അബ്ദുള്ള ഇന്നലെ (വെള്ളിയാഴ്ച) ബെയ്റൂട്ടിലെത്തി. ഉച്ചക്ക് ലെബനനിലെ ബെയ്‌റൂത്തിലെത്തിയ അദ്ദേഹത്തെ കാത്ത് കുടുംബാംഗങ്ങളും ജനങ്ങളും ഉണ്ടായിരുന്നു. ഫലസ്തീൻ പതാകയും ലെബനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പതാകയും വീശി അവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

അവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഫലസ്തീന് വേണ്ടിയുള്ള ചെറുത്തുനിൽപ്പിനുള്ള തന്റെ ഉറച്ച പിന്തുണ ആവർത്തിച്ചു.

‘ഫലസ്തീന് വേണ്ടിയുള്ള ചെറുത്തുനില്പിൽ നാം ഒന്നിച്ച് നിൽക്കണം. ഒന്നിനും നമ്മെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ല. പ്രതിരോധം ദുർബലമല്ല. അത് എന്നും ശക്തമായി നിലകൊള്ളുന്നു. സ്വന്തം രക്തം കൊണ്ട് പോരാട്ടം രൂപപ്പെടുത്തിയ രക്തസാക്ഷികളായ നേതാക്കളിൽ നിന്ന് ശക്തി ആർജ്ജിച്ചുകൊണ്ട് നമ്മുടെ പ്രതിരോധം എന്നെന്നും ശക്തമായി നിലകൊള്ളും.

ചെറുത്തുനിൽപ്പിനായി ജീവൻ നൽകിയ രക്തസാക്ഷികൾ നമ്മുടെ വിമോചന പോരാട്ടങ്ങളുടെ അടിത്തറയാണ്. പ്രതിരോധത്തിനിടെ രക്തസാക്ഷികളായവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞങ്ങൾ തല കുനിക്കുന്നു.

തടങ്കലിൽ കിടക്കുന്നവർക്ക് പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുക പുറത്തുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ ആശ്രയിച്ചാണ്. തടവിലാക്കപ്പെട്ട പോരാളികളും പുറത്തുള്ള നമ്മളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. പതിറ്റാണ്ടുകളായുള്ള നമ്മുടെ ആവശ്യമാണ് ഫലസ്തീൻ വിമോചനം. ആ വിമോചനം നേടുന്നതുവരെ ശത്രുക്കളുമായുള്ള ഏറ്റുമുട്ടൽ തുടരണം. ഇസ്രഈൽ ഇപ്പോൾ അവരുടെ അവസാന നാളുകളിലാണ്.

അറബ് ജനതയുടെ മുന്നിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നത് ചരിത്രത്തിന് അപമാനമാണ്. ഫലസ്തീൻ കുട്ടികൾ കൺമുന്നിൽ മരിച്ചുവീഴുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ ഭയാനകമായ നിശബ്ദതയിൽ അലസമായി നിൽക്കുന്നത് എനിക്ക് സഹിക്കാനാവുന്നില്ല,’ അദ്ദേഹം പറഞ്ഞു.

41 വർഷങ്ങൾക്ക് ശേഷമാണ് ഫലസ്തീൻ അനുകൂല ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം ഫ്രാൻസ് ജയിലിലായിരുന്നു. ഫ്രാൻസിലെ ലാനെമസാൻ ജയിലിൽ നിന്ന് മോചിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, 74 കാരനായ അബ്ദുള്ളയെ ഒരു വിമാനത്തിൽ കയറ്റി ലെബനനിലേക്ക് നാടുകടത്തി.

1984ൽ പാരീസിൽ വെച്ച് യു.എസ് മിലിട്ടറി അറ്റാഷെ ചാൾസ് റോബർട്ട് റേ, ഇസ്രഈലി നയതന്ത്രജ്ഞൻ യാക്കോവ് ബർസിമന്റോവ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അബ്ദുള്ള അറസ്റ്റിലായത്. 1987ൽ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

 

Content Highlight: With resistance, road home is never lost: Georges Abdallah from Beirut