സലാറില്‍ പ്രഭാസിനൊപ്പം യാഷുമുണ്ടാകുമോ; പ്രതികരണവുമായി നിര്‍മാതാവ്
Film News
സലാറില്‍ പ്രഭാസിനൊപ്പം യാഷുമുണ്ടാകുമോ; പ്രതികരണവുമായി നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th December 2023, 4:25 pm

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഈയിടെ സലാറില്‍ പ്രഭാസിനും പൃഥ്വിരാജിനും പുറമെ നടന്‍ യാഷും ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ അഭ്യൂഹങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിരാഗന്തൂര്‍.

‘കെ.ജി.എഫും സലാറും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പ്രശാന്ത് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. സിനിമയില്‍ യാഷ് ഉണ്ടാവില്ല,’ വിജയ് കിരാഗന്തൂര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഈയടുത്തായിരുന്നു പാലക്കാട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോള്‍, തീര്‍ത്ഥ എന്ന കുട്ടി സലാറില്‍ താന്‍ പാടുന്നുണ്ടെന്നും ചിത്രത്തില്‍ നടന്‍ യാഷ് ഉണ്ടെന്നും പറഞ്ഞത്.

ഇതോടെയായിരുന്നു സലാറില്‍ യാഷുമുണ്ടെന്ന വാര്‍ത്ത ശക്തമായത്. ആ സമയത്തും ചിത്രത്തിന്റെ അപ്‌ഡേറ്റുകളില്‍ യാഷിനെ കുറിച്ചുള്ള സൂചനകളൊന്നും സലാറിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

എങ്കിലും തീര്‍ത്ഥ യാഷിനെ കുറിച്ച് പറയുന്ന വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. കെ.ജി.എഫ് ഒരുക്കിയ പ്രശാന്ത് നീല്‍ സലാര്‍ സംവിധാനം ചെയ്യുമ്പോള്‍ യാഷും ഈ സിനിമയില്‍ ഉണ്ടാവാമെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.

പിന്നാലെ തീര്‍ത്ഥ തന്റെ വീഡിയോയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞു. ഒരുപാട് തവണ യാഷിന്റെ കെ.ജി.എഫ് കണ്ടതാണെന്നും സലാറില്‍ ആ ടീം ആണെന്ന് അറിഞ്ഞപ്പോള്‍ താന്‍ കരുതിയത് യാഷും സിനിമയില്‍ ഉണ്ടാകുമെന്നാണെന്നും തനിക്ക് തെറ്റ് പറ്റിയതാണെന്നുമാണ് തീര്‍ത്ഥ പറഞ്ഞത്.

Content Highlight: Will Yash be with Prabhas in Salaar movie; response of producer