വെള്ളക്കാരുടെ ടെന്നിസില്‍ വിജയങ്ങള്‍ കൊയ്ത വില്യംസ് സഹോദരിമാരുടെ അച്ഛന്റെ കഥ പറഞ്ഞ് പുതിയ ചിത്രം; ട്രെയ്‌ലറിന് പിന്നാലെ വില്‍ സ്മിത്തിന് കൈയ്യടി
Entertainment
വെള്ളക്കാരുടെ ടെന്നിസില്‍ വിജയങ്ങള്‍ കൊയ്ത വില്യംസ് സഹോദരിമാരുടെ അച്ഛന്റെ കഥ പറഞ്ഞ് പുതിയ ചിത്രം; ട്രെയ്‌ലറിന് പിന്നാലെ വില്‍ സ്മിത്തിന് കൈയ്യടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th July 2021, 9:26 am

ടെന്നിസ് ഇതിഹാസതാരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും കുട്ടിക്കാലം പ്രമേയമാകുന്ന കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സെറീനയുടെയും വില്യംസിന്റെയും അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിനെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മക്കള്‍ക്ക് വേണ്ടിയുള്ള ഒരു അച്ഛന്റെ നിരന്തരമായ പരിശ്രമവും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥശ്രമവുമാണ് ചിത്രത്തില്‍ വിഷയമാകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വില്‍ സ്മിത്താണ് റിച്ചാര്‍ഡ് വില്യംസായി എത്തുന്നത്. വില്‍ സ്മിത്തിന്റെ കരിയറിലെ അടുത്ത മികച്ച വേഷമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

വെള്ളക്കാരുടെ മേഖലയായിരുന്ന ടെന്നിസില്‍ വിജയങ്ങളുടെ ചരിത്രം സൃഷ്ടിച്ച കറുത്ത വര്‍ഗക്കാരായ സെറീനയുടെയും വീനസിന്റെയും യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്.

‘നിങ്ങളെടുക്കാന്‍ പോകുന്ന അടുത്ത ചുവട് അത് നിങ്ങളെ മാത്രമല്ല, ഈ ലോകത്തിലെ കറുത്ത വര്‍ഗക്കാരായ ഓരോ പെണ്‍കുട്ടികളെയുമാണ് പ്രതിനിധീകരിക്കുന്നത്,’ എന്ന് ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് മക്കളോട് പറയുന്നുണ്ട്.

റെയ്‌നോള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും. എച്ച്.ബി.ഒ. മാക്‌സിലും ചിത്രം കാണാനാകും. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വീനസ് വില്യംസും സെറീന വില്യംസും മറ്റൊരു സഹോദരിയായ ഇഷ പ്രൈസും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്.

ഓന്‍ജനുവേ എല്ലിസാണ് വില്യംസ് സഹോദരിമാരുടെ അമ്മയും കോച്ചുമായിരുന്ന ബ്രാന്‍ഡി വില്യംസായി എത്തുന്നത്. സാനിയ സിഡ്‌നി വീനസായും ഡെമി സിംഗിള്‍ട്ടണ്‍ സെറീനയായും എത്തുന്നു. ടോണി ഗോള്‍ഡ്‌വിനും ജോണ്‍ ബേണ്‍തലും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Will Smith’s new movie King Richard’s trailer out, Serena Williams and Venus Williams’ father Richard Williams’ life story