ഭാര്യയെ കളിയാക്കി സംസാരിച്ചു; ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്മിത്
Entertainment news
ഭാര്യയെ കളിയാക്കി സംസാരിച്ചു; ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്മിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th March 2022, 9:07 am

ലോസ് ഏഞ്ചലസ്: 94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച് പരസ്യമായി വില്‍ സ്മിത് തല്ലിയത്.

ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ചൊടിച്ചാണ് വില്‍ സ്മിത് അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്തത്.

എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ, (keep my wife’s name out your fu**ing mouth) എന്നായിരുന്നു വേദിയിലെത്തിയ വില്‍ സ്മിത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്.

ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.

അലൊപീഷ്യ എന്ന അസുഖത്തിെത്തുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് സ്മിത് പറഞ്ഞിരുന്നു. ജേഡയും ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു.

അതേസമയം, മികച്ച നടനുള്ള ഇത്തവണത്തെ ഓസ്‌കാര്‍ വില്‍ സ്മിത്തിനാണ് ലഭിച്ചത്. ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങവെ, തൊട്ടുമുമ്പ് സംഭവിച്ച കാര്യത്തില്‍ (അവതാരകനെ തല്ലിയത്) സ്മിത് ഖേദം പ്രകടിപ്പിച്ചു.

സെറീന വില്യംസ്- വീനസ് വില്യംസ് സഹോദരിമാരുടെ ജീവിതകഥ പറഞ്ഞ കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയിച്ചനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചത്.

ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Content Highlight: Will Smith punches anchor Chris Rock at the Oscars stage, for mocking his wife