അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ; പാകിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നാരോപിച്ച് യുവതിക്കെതിരെ കേസ്
national news
അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ; പാകിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നാരോപിച്ച് യുവതിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 8:24 am

ബെംഗളൂരു:പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നതിന് കര്‍ണാടകയില്‍ 25കാരിയെ പൊലീസ് അറസ്റ്റുചെയ്തു.

മാര്‍ച്ച് 26 ശനിയാഴ്ച  ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് കുത്മ ഷെയ്ഖ് എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഒരാള്‍ പരാതി നല്‍കുകയായിരുന്നു.

മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം. ബുധനാഴ്ച പാകിസ്ഥാന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതായി പൊലീസ് പറയുന്നു.

അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇതോടൊപ്പം, പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ഒരു ഫോട്ടോയും അവര്‍ ഇട്ടിരുന്നു, ബാഗല്‍കോട്ട് പൊലീസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐ.പി.സി 153(എ), 505(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

”അവരുടെ പോസ്റ്റ് പാകിസ്ഥാന്റെ റിപബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യാഖ്യാനിക്കാം. ഞങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയാക്കും, ”ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

 

 

Content Highlights: Karnataka: WhatsApp post on Pakistan’s Republic Day lands woman in jail