അന്നത്തെ എന്റെ പെരുമാറ്റം ശരിയായില്ല; ഓസ്‌കാര്‍ വേദിയിലെ മുഖത്തടിയില്‍ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
Entertainment news
അന്നത്തെ എന്റെ പെരുമാറ്റം ശരിയായില്ല; ഓസ്‌കാര്‍ വേദിയിലെ മുഖത്തടിയില്‍ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 9:11 am

സൂപ്പര്‍ താരം വില്‍ സ്മിത്ത് ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. താരം മുമ്പ് സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞിരിക്കുകയാണ്.

താന്‍ ചെയ്ത പ്രവര്‍ത്തി എന്ത് കാരണമായാലും ന്യായികരിക്കാവുന്നതല്ല എന്നും ക്രിസിനെ ക്ഷമ ചോദിക്കാന്‍ പല തവണ ബന്ധപ്പെട്ടു പക്ഷെ സാധിച്ചില്ല എന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വില്‍ സ്മിത്ത് പറയുന്നത്.

ക്രിസ് എന്നോട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മാപ്പ് പറയുമെന്നും വില്‍ സ്മിത്ത് പറയുന്നു.

‘ഞാന്‍ പല തവണ ക്രിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒക്കെ തിരികെ വരുകയാണ്. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറല്ല എന്നെനിക്ക് മനസിലായി. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ക്രിസിനോട് പറയും, ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നുവെന്ന്. എന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതാണ്, നിങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകും’, വില്‍ സ്മിത്ത് പറയുന്നു.

താന്‍ ക്രിസ് റോക്കിന്റെ അമ്മയോടും മാപ്പ് പറയുന്നു എന്നും വീഡിയോയില്‍ വില്‍ സ്മിത്ത് പറയുന്നുണ്ട്.

‘എനിക്ക് ക്രിസിന്റെ അമ്മയോട് ക്ഷമ പറയണം. അവരുടെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. അത് കണ്ടപ്പോഴാണ് എന്റെ പ്രവര്‍ത്തി എത്ര ആളുകള്‍ക്ക് വേദനയുണ്ടാക്കി എന്ന് ഞാന്‍ ചിന്തിക്കുന്നത്. ക്രിസിന്റെ അമ്മയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു, ക്രിസിന്റെ കുടുംബത്തോടും, പ്രത്യേകിച്ച് ടോണി റോക്കിനോടും മാപ്പ് പറയ്യുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധത്തിലായിരുന്നു’, സ്മിത്ത് പറയുന്നു.

‘കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഞാന്‍ ആ നിമിഷം നടന്നത് വീണ്ടും വീണ്ടും ഓര്‍ത്ത് നോക്കിയിരുന്നു. അതൊന്നും ഇപ്പോള്‍ പറയുന്നില്ല, എങ്കിലും ഒന്ന് പറയാം. അന്ന് അങ്ങനെ ആയിരുന്നില്ല ഞാന്‍ പെരുമാറേണ്ടിയിരുന്നത്. ഒട്ടും ശരിയായ രീതിയിലുള്ളത് ആയിരുന്നില്ല അന്നത്തെ എന്റെ പെരുമാറ്റം.’, സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ഭാര്യയുമായി ഇതിന് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും വില്‍ സ്മിത്ത് വീഡിയോയില്‍ പറഞ്ഞു വെക്കുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയെന്നതായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്യാന്‍ കാരണമായത്.

View this post on Instagram

A post shared by Will Smith (@willsmith)


വേദിയിലേക്ക് വന്ന വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ഭാര്യ ജേഡ പിങ്കെറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഓസ്‌കാര്‍ ചടങ്ങില്‍ നിന്നും മുഴുവന്‍ പരിപാടികളില്‍ നിന്നും പത്ത് വര്‍ഷത്തേക്ക് അക്കാദമി ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്‌സ് സ്മിത്തിനെ വിലക്കുകയും ചെയ്തിരുന്നു.

Content Highlight : Will smith Apologises to Chris Rock and his Mother on Oscar slap incident on instagram video