ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി. സുധാകരന്‍. സി.പി.ഐ.എം വിട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. സീറ്റ് കിട്ടാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടതെന്നും ആരുടെയും പിന്തുണ തേടി പോകില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്ക് എതിരായി അല്ല തന്റെ മത്സരം. എതിരാളി ആരാണെങ്കിലും പ്രശ്‌നമില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കോട്ടെ. താന്‍ സര്‍ക്കാരിനെതിരെ സംസാരിക്കില്ലെന്നും അദ്ദേഹം നാടകീയമായി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരിച്ചു.

വാര്‍ത്തസമ്മേളനത്തിന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന പ്രചരണങ്ങള്‍ ജി. സുധാകരന്‍ തള്ളിയിരുന്നു, ഒരു നേതാവുമായും ഒരു മുന്നണിയുമായും കൂടിയാലോചന നടത്തിയിട്ടില്ല. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമാകില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫില്‍ ചേരുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. യു.ഡി.എഫ് പിന്തുണയില്‍ മത്സരിക്കില്ല, അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്.

പെരുമ്പളം പാലം താന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ കൊണ്ടുവന്ന പദ്ധതിയാണെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

സി.പി.ഐ.എം നേതാക്കള്‍ ദൗത്യവുമായി തന്നെ സമീപിച്ചെന്ന പ്രചാരണവും തെറ്റാണ്. ആരും തന്നെ സമീപിച്ചിട്ടില്ല. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി തന്നോട് ഇന്നലെ സംസാരിച്ചിരുന്നുവെന്നും
അദ്ദേഹം തന്നെ സന്ദര്‍ശിച്ചിരുന്നെന്നും എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും ചര്‍ച്ചയായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടി നേതാക്കളായ സുജാതയും ഹരിശങ്കറും തന്റെ ബന്ധുക്കളെന്ന നിലയില്‍ മാത്രമാണ് സന്ദര്‍ശിച്ചതെന്നും മറ്റുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

15ാമത്തെ വയസ് മുതല്‍ പാര്‍ട്ടി അംഗമായിരുന്നു. ആരും നിര്‍ബന്ധിച്ചിട്ടില്ല പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ മെമ്പര്‍ഷിപ്പ് പുതുക്കാത്തതും ആരും പറഞ്ഞിട്ടല്ല. ഇക്കാര്യം വാര്‍ത്തയായതും ബ്രാഞ്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ പുറത്തുപറഞ്ഞതുകൊണ്ടാണെന്നും താനായിട്ട് പറഞ്ഞതല്ലെന്നും അദ്ദേഹം വിശദമാക്കി.

പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ താനില്ല. പാര്‍ട്ടിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഒന്നും ഉപേക്ഷിച്ചിട്ടില്ല.

സി.പി.ഐ.എമ്മിന് സോവിയറ്റ് യൂണിയന്‍ ശൈലിയാണുള്ളത്. പാര്‍ട്ടി നേതൃത്വത്തെയും ശൈലിയെയും ഒന്നും താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ജി. സുധാകരന്‍. യു.ഡി.എഫിനൊപ്പം പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് വിശദീകരണവുമായി ജി. സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്.

Content Highlight: Will not contest in elections;  Will not join any party: G. Sudhakaran