ന്യൂദല്‍ഹി: ജയിലില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.
രാഷ്ട്രീയ തടവുകാരനായ തനിക്ക് പരിമിതികളുണ്ടെന്നും ഒരു മാസത്തില്‍ താഴെയുള്ള സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ തനിക്കും തന്റെ ടീമിനും സാധിക്കില്ലെന്ന് ഷര്‍ജീല്‍ ജയിലില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താനും സംഘവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, സെപ്റ്റംബര്‍ ഒമ്പതിന് സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യ വിഷയത്തില്‍ തീരുമാനമാകാത്തതും രാഷ്ട്രീയ തടവുകാരനായതിനാല്‍ മണ്ഡലത്തില്‍ സജീവമാകാനോ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഷര്‍ജീല്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഷര്‍ജീലിന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ അവസാനവാരത്തില്‍ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം, ഷര്‍ജീലിന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ അവസാനവാരത്തില്‍ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും രാഷ്ട്രീയ തടവുകാരനായതിനാല്‍ പുറം ലോകവുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വേണ്ടവിധത്തില്‍ തയ്യാറെടുക്കാനായില്ലെന്നും ഷര്‍ജീല്‍ പറഞ്ഞു.
ഒരു മാസം സമയമെന്നത് ഈ സാഹചര്യത്തില്‍ പോരാ എന്നല്ല, കൂടുതല്‍ സമയം ആവശ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യുമെന്ന് ഷര്‍ജീല്‍ ഇമാം പ്രസ്താവനയില്‍ പറഞ്ഞു. ഘടനാപരമായ മാറ്റങ്ങള്‍, വികേന്ദ്രീകൃത ഭരണം, അനുപാതിക പ്രാതിനിധ്യം, വിവിധ ജാതികളിലായുള്ള ന്യൂനപക്ഷങ്ങള്‍ക്ക് റിസര്‍വേഷന്‍, മത സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും ഈ വിഷയങ്ങളില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
അടുത്തമാസം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹദുര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന്
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഷര്‍ജീല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഷര്‍ജീലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പിന്നീട് ഷര്‍ജീല്‍ ഒക്ടോബര്‍ 15ന് ദല്‍ഹി കര്‍ക്കാര്‍ഡൂമ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ഷര്‍ജീല്‍ പിന്‍വലിച്ചിരുന്നു. സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഷര്‍ജീല്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. പരമോന്നത കോടതി ജാമ്യം പരിഗണിക്കാനിരിക്കെ കീഴ്‌ക്കോടതിയില്‍ മറ്റൊരു അപേക്ഷ നല്‍കുന്നത് പ്രതികൂലമാകുമെന്നതിനാലാണ് ജാമ്യാപേക്ഷ അദ്ദേഹം പിന്‍വലിച്ചത്.
ദല്‍ഹിയില്‍ സി.എ.എ സമരത്തിന് നേതൃത്വം നല്‍കിയതിനാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. ആ സമയത്ത് ദല്‍ഹിയിലുണ്ടായ കലാപത്തിന് ആസൂത്രണം നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു തുടങ്ങി എട്ടോളം കേസുകളുടെ പേരിലാണ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്ന ഷര്‍ജീല്‍ അറസ്റ്റിലായത്. 2020 മുതല്‍ യു.എ.പി.എ അടക്കം ചുമത്തപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഇമാം.
Content Highlight: Will not contest Bihar elections: Sharjeel Imam