ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം വരുന്നത് ഒഴിവാക്കാനും ബി.ജെ.പി പിന്‍വാതിലിലൂടെ അധികാരം പിടിക്കുന്നത് തടയാനുമാണ് വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ)ത്തിന് പിന്തുണ നല്‍കിയതെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും. ഇരുപാര്‍ട്ടികളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരണം വൈകിയാല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നേതാക്കള്‍ പങ്കുവെച്ചു.

പത്താം തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന സാഹചര്യമാണുള്ളതെന്നും ഈ സാഹചര്യത്തിലാണ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും സി.പി.ഐ.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഷണ്മുഖം പറഞ്ഞു.

ടി.വി.കെയെ പിന്തുണയ്ക്കുമെങ്കിലും തങ്ങള്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് ഇടതുകക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്, ഈ മാസം പത്താം തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമ്മര്‍ദ സാഹചര്യമാണുള്ളത്.

ജോസഫ് വിജയ് ഇരു പാര്‍ട്ടികള്‍ക്കും കത്തയച്ചിട്ടുണ്ട്. പത്താം തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം വരും. ബി.ജെ.പി തമിഴ്നാട്ടില്‍ പിന്‍വാതിലിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അവസാനിപ്പിക്കാനാണ് സി.പി.ഐയും സി.പി.ഐ.എമ്മും ടി.വി.കെയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

‘ഞങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനമെടുത്തത്,’ അദ്ദേഹം വ്യക്തമാക്കി.

ജനവിധി മാനിച്ചുകൊണ്ടാണ് ടി.വി.കെയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു

‘ടി.വി.കെ സി.പി.ഐയെയും സി.പി.ഐ.എമ്മിനെയും വി.സി.കെയെയും സമീപിച്ചു. ഞങ്ങള്‍ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ടി.വി.കെയെ പിന്തുണയ്ക്കാനും തെരഞ്ഞെടുക്കാനും തീരുമാനിച്ചു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്,’ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി.

സി.പി.ഐ, സി.പി.ഐ.എം, വി.സി.കെ എന്നീ പാര്‍ട്ടികള്‍ക്ക് രണ്ട് എം.എല്‍.എമാര്‍ വീതമാണുള്ളത്. വി.സി.കെയും സമാനമായ തീരുമാനമെടുക്കുമെന്ന് ഇടത് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്ഥിരതയുള്ളതും മതേതരവും ജനാധിപത്യപരവുമായ ഒരു ഭരണത്തിന് വേണ്ടിയാണ് ടി.വി.കെയെ പിന്തുണയ്ക്കുന്നതെന്ന് സി.പി.ഐ വ്യക്തമാക്കി.

ടി.വി.കെയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ) നിലവില്‍ യോഗം ചേര്‍ന്നു വരികയാണെന്നും വൈകാതെ തീരുമാനം അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.വി.കെ മാറിയിരുന്നു. എന്നാല്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനാല്‍ ഒരു സീറ്റ് ഒഴിയേണ്ടി വന്നതോടെ പാര്‍ട്ടിയുടെ അംഗബലം 107 ആയി കുറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിനായി 11 എം.എല്‍.എമാരുടെ പിന്തുണ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു.

അഞ്ച് എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന്റെ പിന്തുണയാണ് ആദ്യം പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ ആറ് എം.എല്‍.എമാരുടെ പിന്തുണയ്ക്കായി ടി.വി.കെയുടെ കാത്തിരിപ്പ്.

ശേഷം നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് വീതം എം.എല്‍.എമാരുള്ള സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ എന്നീ പാര്‍ട്ടികള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അംഗബലം കൃത്യം 118ല്‍ എത്തിയത്.

 

Content  Highlight: Will not be part of the cabinet; Left parties clarify their stance on supporting TVK