വീഡിയോക്ക് പിന്നില്‍ മമത; ബാബ്‌റി മസ്ജിദ് നിര്‍മിക്കുമെന്ന് പറഞ്ഞ ഹുമയൂണ്‍ കബീറുമായി സഖ്യമുണ്ടാക്കില്ല; പ്രതിരോധിക്കാന്‍ ശ്രമിച്ച് അമിത് ഷാ
India
വീഡിയോക്ക് പിന്നില്‍ മമത; ബാബ്‌റി മസ്ജിദ് നിര്‍മിക്കുമെന്ന് പറഞ്ഞ ഹുമയൂണ്‍ കബീറുമായി സഖ്യമുണ്ടാക്കില്ല; പ്രതിരോധിക്കാന്‍ ശ്രമിച്ച് അമിത് ഷാ
അനിത സി
Friday, 10th April 2026, 9:58 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണം പിടിക്കാന്‍ സഹായിക്കാമെന്ന ഡീലുണ്ടാക്കുന്ന മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹുമയൂണ്‍ കബീറിന്റെ വീഡിയോ കെട്ടിച്ചതെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ആയിരം കോടി നല്‍കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം, ന്യൂനപക്ഷ വോട്ടുകള്‍ അടര്‍ത്തിമാറ്റി ബി.ജെ.പിക്ക് നല്‍കാമെന്ന് പറയുന്ന ഹുമയൂണ്‍ കബീറിന്റെ പുറത്തെത്തിയ വീഡിയോ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കെട്ടിച്ചമച്ചതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. വീഡിയോ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് അമിത് ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബംഗാളില്‍ ബാബ്‌റി മസ്ജിദ് ഉണ്ടാക്കാമെന്ന് പറഞ്ഞ ഹുമയൂണ്‍ കബീറിന്റെ സഹായം തേടുന്നതിനേക്കാള്‍ ബി.ജെ.പിക്ക് താത്പര്യം 20 വര്‍ഷം പ്രതിപക്ഷത്തിരിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു.

ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ പോലെയാണ് ഹുമയൂണ്‍ കബീറും ബി.ജെ.പിയും ഇരുകൂട്ടര്‍ക്കും ഒരിക്കലും യോജിച്ച് പോകാനാകില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

‘മമത ബാനര്‍ജിയെന്തൊക്കെ ചെയ്യുമെന്ന് നിങ്ങള്‍ക്കറിയില്ല. അവര്‍ക്ക് അത്തരം 2,000 വീഡിയോകള്‍ നിര്‍മിക്കാന്‍ കഴിയും. ഹുമയൂണ്‍ കബീറും ബി.ജെ.പിയും ഉത്തരധ്രുവവും ദക്ഷിണധ്രുവവും പോലെയാണ്. ഒരിക്കലും ഒരുമിച്ച് നില്‍ക്കാന്‍ കഴിയില്ല. ബംഗാളില്‍ ബാബ്‌റി മസ്ജിദ് നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഹുമയൂണ്‍ കബീറുമായി സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ 20 വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ബിജെപിക്ക് ഇഷ്ടം,’ അമിത് ഷാ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഹുമയൂണ്‍ കബീറും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. വീഡിയോ കെട്ടിച്ചമച്ചതാണെന്നും എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നുവെന്ന ആരോപണം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ടി.എം.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കും മന്ത്രി ഫിര്‍ഹാദ് ഹക്കീമിനുമെതിരെ കോടതിയെ സമീപിക്കുമെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞിരുന്നു.

വ്യാഴാഴ്ചയാണ് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണയെക്കുറിച്ച് ഹുമയൂണ്‍ കബീര്‍ സംസാരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.

19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഏത് പരിധിവരെയും പോകാന്‍ തയ്യാറാണെന്നും ബി.ജെ.പിയുമായി ഉണ്ടാക്കിയ 1,000 കോടി രൂപയുടെ ഡീലിന്റെ ഭാഗമായി 200 കോടി മുന്‍കൂറായി സ്വീകരിച്ചതായും ഹുമയൂണ്‍ കബീര്‍ പറയുന്നുണ്ട്.

ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായും ഡീലിനെ കുറിച്ച് സംസാരിച്ചെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഹുമയൂണ്‍ കബീറിന്റെ മമത വിരുദ്ധ നിലപാടുകളും മുസ്‌ലീം രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും മുര്‍ഷിദാബാദ്, മാല്‍ഡ, ഉത്തര്‍ ദിനാജ്പൂര്‍, ബിര്‍ഭം തുടങ്ങിയ പ്രധാന ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ രഹസ്യ തന്ത്രത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ വീഡിയോ പുറത്തുവിട്ടുകൊണ്ട് ആരോപിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതോടെ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്നും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി എ.ഐ.എം.ഐ.എം പിന്മാറിയിരുന്നു.

Content Highlight: Will not ally with Humayun Kabir, who said he would build Babri Masjid; Amit Shah tries to defend

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.