ദോഹ: ഇസ്രഈലിന്റെ ഗസയിലെ ആക്രമണം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചകളും വ്യക്തതയും ആവശ്യമാണെന്ന് ഖത്തര്‍. ട്രംപിന്റെ പ്ലാനിന് ചില കുഴപ്പങ്ങളുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു.
തങ്ങള്‍ ട്രംപിന്റെ പദ്ധതി തിങ്കളാഴ്ച ഹമാസ് പ്രതിനിധികള്‍ക്ക് കൈമാറിയെന്നും പൊതുവായൊരു ചര്‍ച്ച നടത്തിയെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഈ പദ്ധതിയെ ക്രിയാത്മകമായി കണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നാണ് ഖത്തര്‍ പ്രതികരിച്ചത്.

‘ഈ പദ്ധതിയെ കുറിച്ച് ഹമാസിന്റെ അഭിപ്രായമെന്താണെന്ന് ഖത്തറിന് അറിയില്ല. ഈ പദ്ധതിക്ക് വേണ്ടത് ഫലസ്തീന്റെ ഭാഗത്തുനിന്നുള്ള അംഗീകാരമാണ്.
ഈ പദ്ധതിയിലൂടെ കൈവരിക്കാനുള്ള പ്രധാനലക്ഷ്യം യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. പക്ഷെ, ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ വ്യക്തതയും ചര്‍ച്ചയും ആവശ്യമാണ്’, ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുക എന്ന പോയിന്റ് ഈ പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇസ്രഈല്‍ ഗസയില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം. അതാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടതെന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.



