മുസ്‌ലിം ലീഗിനെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഔദ്യോഗികമായി ക്ഷണിക്കും; കോൺഗ്രസിനെ ക്ഷണിക്കില്ല: പി. മോഹനൻ
Kerala News
മുസ്‌ലിം ലീഗിനെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഔദ്യോഗികമായി ക്ഷണിക്കും; കോൺഗ്രസിനെ ക്ഷണിക്കില്ല: പി. മോഹനൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2023, 6:17 pm

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ഫലസ്തീൻ അനുകൂല റാലിയിൽ പങ്കെടുക്കുമെന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ പ്രതികരണം തുറന്ന മനസോടെ സി.പി.ഐ.എം സ്വാഗതം ചെയ്യുന്നുവെന്നും ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ.

അതേസമയം കോൺഗ്രസിനെ ക്ഷണിച്ച് ഇസ്രഈൽ അനുകൂല നിലപാട് ആവർത്തിച്ച് പറയിപ്പിക്കേണ്ടതില്ല എന്നും കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പി. മോഹനൻ പറഞ്ഞു.

‘ലീഗിന്റെ നേതൃത്വത്തിൽ നിന്ന് പരസ്യമായി ഉണ്ടായ ഈ പ്രതികരണം തുറന്ന മനസ്സോടെയാണ് സി.പി.ഐ.എം സ്വാഗതം ചെയ്യുന്നത്. അതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കേണ്ട കാര്യമില്ല. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇത് എന്നത് തികച്ചും ശരിയാണ്, നൂറ് ശതമാനം ശരിയാണ്.

ഞങ്ങൾ ആ നിലപാടിൽ തന്നെയാണ് നിന്നത്. ഇതുവരെ ഞങ്ങൾക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. നേരത്തെ ഏക സിവിൽ കോഡ് വിഷയത്തിൽ ഞങ്ങൾ വളരെ ആത്മാർത്ഥമായി അവരെ ക്ഷണിച്ചതാണ്. അപ്പോൾ ഒരു പ്രയാസം അവർ അറിയിച്ചു.

അത് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നതേയുള്ളൂ. മറ്റൊരു മുന്നണിയിൽ യു.ഡി.എഫിന്റെ പ്രധാന കക്ഷിയായി അവർ നിൽക്കുമ്പോൾ കോൺഗ്രസ്‌ ഇല്ലാതെ (കോൺഗ്രസിനെ അന്ന് ക്ഷണിച്ചിരുന്നില്ല) വരാൻ പ്രയാസമുണ്ട് എന്നതാണ് അവർ അന്ന് സ്വീകരിച്ച നിലപാട്.

അപ്പോൾ അങ്ങനെയൊരു ഘട്ടത്തിൽ അവർക്ക് ഒരു പ്രയാസമുണ്ടാകേണ്ട എന്ന് കരുതിയാണ് ഇതുവരെ ഞങ്ങൾ അവരെ ക്ഷണിക്കുന്നതിൽ ഒരു പരസ്യ നിലപാട് സ്വീകരിക്കാതിരുന്നത്.

ഇന്ന് ലീഗിന്റെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തികച്ചും പോസിറ്റീവായ ഒരു പ്രതികരണമാണ് ഉണ്ടായത് എന്നാണ് മാധ്യമങ്ങളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്. നിശ്ചയമായും ഞങ്ങൾ മുസ്‌ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി ഫലസ്തീൻ അനുകൂല റാലിയിൽ ക്ഷണിക്കും,’ പി. മോഹനൻ പറഞ്ഞു.

കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് ശശി തരൂരിന്റെ നാവിലൂടെ എല്ലാവരും കേട്ടതാണെന്നും പി. മോഹനൻ പറഞ്ഞു.

Content Highlight: Will invite muslim league to CPIM Palestine rally; says P Mohanan