മന്ത്രിയല്ല, മകനാണെങ്കിലും ആ സമയത്ത് അങ്ങനെയേ ചെയ്യൂവെന്ന് പൂജാരി; അപ്പോൾ പുറത്തിറങ്ങാൻ പാടുണ്ടോ എന്ന് മന്ത്രി
Kerala News
മന്ത്രിയല്ല, മകനാണെങ്കിലും ആ സമയത്ത് അങ്ങനെയേ ചെയ്യൂവെന്ന് പൂജാരി; അപ്പോൾ പുറത്തിറങ്ങാൻ പാടുണ്ടോ എന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 12:50 pm

കണ്ണൂർ: പൂജാസമയം ആയതിനാലാണ് ആചാരം പാലിച്ചതെന്നും മന്ത്രിയല്ല, മകനാണെങ്കിലും അങ്ങനെയേ ചെയ്യൂ എന്നും നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിലെ പൂജാരി സുബ്രഹ്മണ്യൻ നമ്പൂതിരി. സംഭവത്തിൽ മന്ത്രിക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ വിഷമം ഉണ്ടെന്നും മന്ത്രിയോട് ജാതി വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘കുളിച്ച് ക്ഷേത്രത്തിൽ കയറിയാൽ പിന്നെ ദേഹശുദ്ധിയും ആത്മാരാധനയും കഴിഞ്ഞേ പുറത്തിറങ്ങൂ. ഇതാണ് ശാന്തിശുദ്ധം. ആ സമയത്ത് ശാന്തി ശുദ്ധമല്ലാത്ത ഒരാൾ പുറത്തുനിന്ന് വന്നാൽ, അത് എന്റെ മകനാണെങ്കിൽ പോലും സ്പർശിക്കില്ല. പൂജാസമയം കഴിഞ്ഞാൽ നേരിട്ട് മന്ത്രിയുടെ കൈയിൽ തന്നെ കൊടുക്കുമായിരുന്നു. ഇതിലൊന്നും ജാതി വ്യവസ്ഥയില്ല,’ സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.

അതേസമയം, പൂജക്കിടയിലാണെങ്കിൽ പൂജാരി എന്തിനാണ് അന്ന് പുറത്തിറങ്ങിയത് എന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചോദിച്ചത്.
‘അങ്ങനെയാണെങ്കിൽ ജനങ്ങളെ തൊട്ടിട്ടല്ലേ ആ പൂജാരി അകത്തേക്ക് പോയത്, അത് ശരിയാണോ? അമ്പലം മുഴുവൻ അപ്പോൾ ശുദ്ധികലശം നടത്തണ്ടേ. അവിടെ വച്ച് പൈസ കിട്ടുമ്പോൾ പൂജാരി അകത്തേക്ക് കൊണ്ടുപോകില്ലേ. ഞാൻ പറഞ്ഞുവന്നത് ഇതാണ്, അമ്പലത്തിലേക്ക് പൈസ കിട്ടുമ്പോൾ അയിത്തമുണ്ടാവില്ല. മനുഷ്യന് മാത്രം അയിത്തം കല്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല.

പൂജക്കിടയിൽ തൊടാൻ പാടില്ല എന്നാണെങ്കിൽ അയാൾ പുറത്തിറങ്ങാൻ പാടുണ്ടോ? പുറത്തിറങ്ങിയിട്ട് തിരികെ അകത്തോട്ട് കയറാമോ,’ മന്ത്രി തന്റെ നിലപാട് ആവർത്തിച്ചു.

മന്ത്രി കെ. രാധാകൃഷ്ണന്റെ അയിത്തം നേരിട്ടു എന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ക്ഷേത്ര പൂജാരിമാർ ജാതി നോക്കിയല്ല ഭക്തരെ സ്വീകരിക്കുന്നതെന്നും അഖില കേരള തന്ത്രി സമാജം നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ദേവപൂജ കഴിയുന്നത് വരെ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ലാതെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ലെന്നും വിവാദമുണ്ടായ ക്ഷേത്രത്തിലും ഇതാണ് ഉണ്ടായതെന്നും സമാജം വാർത്താകുറിപ്പിൽ പറഞ്ഞു.

കോട്ടയത്ത്‌ ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്. ജനുവരിയിൽ കണ്ണൂർ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ പൂജാരിമാർ കത്തിച്ച വിളക്ക് തനിക്ക് തരാതെ നിലത്തുവച്ചെന്നും താൻ അതെടുക്കാതെ ആ വേദിയിൽ വച്ചുതന്നെ ആ പ്രവൃത്തിക്കെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത്. എസ്.സി-എസ്.ടി കമ്മീഷൻ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരെ കേസെടുത്തിരുന്നു.

Content Highlight: Will do the same even if it is son says Temple priest; Then why came out asks Minister K. Radhakrishnan