ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, പൊലീസുമായി കയ്യേറ്റം
Kerala News
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, പൊലീസുമായി കയ്യേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 9:56 am

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷകരണത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മലപ്പുറത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഏതാനും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറുക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥലം വിട്ട് പോകണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദേശം.

എന്നാല്‍ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് മലപ്പുറത്ത് ഉണ്ടായത്. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും പുതിയ ഡ്രൈവിങ് പരിഷകരണത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. കോഴിക്കോട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഡ്രൈവിങ് ടെസ്റ്റിന് തീയതി ലഭിച്ച് സ്ഥലത്തെത്തിയ ആളുകളോട് ടെസ്റ്റ് നടക്കില്ല എന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം രൂപംകൊണ്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് നിലപാടില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. അതേസമയം ഉത്തരവില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല.

ഡ്രൈവിങ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും രംഗത്തെത്തിയിരുന്നു. ഡ്രൈവിങ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞത്. സാധാരണ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടക്കുക. ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നല്‍കുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

Content Highlight: Widespread protests in the state against the reform of the driving test