കേരള പൊലീസ് കേസന്വേഷണത്തിന് മോശക്കാരൊന്നുമല്ല, പക്ഷെ പോക്‌സോ കേസുകളില്‍ മാത്രം എന്തിനാണ് ഈ തിരിമറികള്‍?
Opinion
കേരള പൊലീസ് കേസന്വേഷണത്തിന് മോശക്കാരൊന്നുമല്ല, പക്ഷെ പോക്‌സോ കേസുകളില്‍ മാത്രം എന്തിനാണ് ഈ തിരിമറികള്‍?
വി.പി സുഹറ
Tuesday, 4th August 2020, 5:09 pm

അയ്യോ… അമ്മേ… അയ്യോ… നേര്‍ത്ത് നേര്‍ത്ത് വരുന്ന ദീനരോദനം … ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ഒന്നും മനസ്സിലാവുന്നില്ല. സ്വപ്നമോ യാഥാര്‍ത്ഥ്യമോ? അര്‍ദ്ധരാത്രിയിലുളള ഈ രോദനം പല തവണ ആവര്‍ത്തിച്ചപ്പോള്‍ കോഴിക്കോട് വലിയങ്ങാടിയിലെ പരിചയമുളള സ്ത്രീ തൊഴിലാളിയുമായി ഈ സംഭവം പങ്കുവെച്ചു. ഞെട്ടിക്കുന്ന വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നുപോയി. വലിയങ്ങാടിയില്‍ അരിയും മറ്റ് ധാന്യങ്ങളും ലോറിയില്‍ നിന്നിറക്കുമ്പോള്‍ താഴെ വീഴുന്നവ അടിച്ചുവാരി പെറുക്കി ഉപജീവനം തേടുകയും തെരുവില്‍ കിടന്നുറങ്ങാന്‍ വിധിക്കപ്പെട്ടവരുമായ ഇതരസംസ്ഥാന സ്ത്രീത്തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അമ്മമാരുടെ മൗനസമ്മതത്തോടെയും അല്ലാതെയും കാമഭ്രാന്തിന്റെ ഇരകളാവുന്നതിന്റെ ദീനരോദനമാണ് കേട്ടുകൊണ്ടിരുന്നത്. വലിയങ്ങാടി ജീവിതം അവസാനിപ്പിച്ച് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കുഞ്ഞുങ്ങളുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. നൊമ്പരപ്പെടുത്തുന്നു.

കേരളത്തിലും അടുത്ത കാലത്തായി പോക്‌സോ കേസുകളും സ്ത്രീപീഡനക്കേസുകളും വര്‍ദ്ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഈ കേസുകളുടെ നിജസ്ഥിതി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ അനാഥാലയം. ഉറ്റവരും ഉടയവരും ഇല്ലാത്തവരും  വല്ലപ്പോഴും വന്ന് മുഖം കാണിച്ചുപോകുന്നവര്‍ മാത്രമായ രക്ഷാകര്‍ത്താക്കള്‍ ഉളളവരും, കലാപങ്ങളില്‍ അനാഥത്വം നേരിടേണ്ടി വന്നവരുമായ കുട്ടികളെ സംരക്ഷിച്ചുപോരുന്ന ആ അനാഥാലയത്തില്‍ ഏഴ് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. അതില്‍ മാനസിക പക്വത പോലും എത്താത്തവരായിരുന്നു പലരും.

അനാഥാലയത്തിനടുത്തുള്ള സ്‌കൂളിലേക്ക് പോകുന്നതിനിടയില്‍ സംഭവിച്ച ക്രൂരമായ പീഡനം. ആക്രമിക്കുക മാത്രമല്ല വിവസ്ത്രരാക്കി ഫോട്ടോ എടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ കഴുത്ത് മുറുക്കി കൊല്ലുമെന്ന് പറയാന്‍ മാത്രം ചങ്കുറപ്പ് ഈ പീഡകര്‍ക്ക് ലഭിക്കുന്നത് എവിടെ നിന്നാണ്?

ഞങ്ങള്‍ അവിടെ സന്ദര്‍ശിച്ച സമയത്ത്, പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ നിര്‍ഭയയിലേക്ക് മാറ്റാനുളള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ആരൊക്കെ പിടിക്കപ്പെട്ടു? ആരൊക്കെ രക്ഷപ്പെട്ടു? കൂട്ടം പിരിഞ്ഞ മക്കള്‍ക്ക് മാനസികമായി ശാന്തിയേകുന്ന അന്തരീക്ഷമാണോ നിര്‍ഭയയില്‍ ഉളളത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വര്‍ഷങ്ങളാണ് കടന്നുപോയത്.

കോഴിക്കോട് കുന്ദമംഗലം ബൊറാക്ക അനാഥാലയത്തിലും സമാനമായ ലൈംഗിക പീഡനങ്ങള്‍ നടന്നു. സ്ഥാപന നടത്തിപ്പുകാരന്റെ മകനായിരുന്നു പ്രതി. ചില അനാഥാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പീഡനം അനുഭവിക്കേണ്ടി വരുന്നതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. അങ്ങിനെ ശ്രദ്ധയില്‍പ്പെട്ട ചില പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അനാഥാലയങ്ങളുടെ ചുമതലയുളള ഉന്നത സ്ഥാനത്തേക്കയച്ചു. അത് എവിടെയൊക്കെയോ തട്ടിമുട്ടി ഈ അനാഥാലയങ്ങള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുന്ന വിധത്തിലുളള മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.

നിരാശ്രയരായ കുട്ടികള്‍ക്ക് തണലാകേണ്ട അനാഥാലയങ്ങളിലും ശിശുഭവനങ്ങളിലും എന്തുകൊണ്ടാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്? അനാഥബാല്യങ്ങള്‍ ഇനിയും പീഡിപ്പിക്കപ്പെടാതിരിക്കണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും ഉദ്യോഗസ്ഥരും കുറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത് നിര്‍ത്തണം.

കേരളമനസാക്ഷിയെ ഞെട്ടിച്ച വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ കേസ് എവിടെയാണെത്തി നില്‍ക്കുന്നത്? ഇക്കഴിഞ്ഞ ദിവസവും ആ കുഞ്ഞുങ്ങളുടെ അമ്മ സാമൂഹ്യമാധ്യമങ്ങളില്‍ അവരുടെ അടങ്ങാത്ത വേദന പങ്കുവെച്ചു. നീതിക്കു വേണ്ടിയുളള പിടച്ചിലായിരുന്നു അത്.

2017 ജനുവരി 13നായിരുന്നു അതിദാരുണമായ ആ സംഭവം നടന്നത്. കേവലം പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടി. ലോകമെന്താണെന്നറിയുന്നതിന് മുന്‍പേ അതിക്രൂരന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടു. പിന്നീട് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ആ പതിമൂന്നുകാരിയെ കണ്ടെത്തിയത്.

പൊലീസ് അന്ന് വേണ്ട രീതിയില്‍ ആ കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ അമ്പത്തിരണ്ട് ദിവസത്തിനു ശേഷം സമാനമായ രീതിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ഒമ്പത് വയസ്സുളള കൊച്ചനിയത്തിയെയെങ്കിലും രക്ഷിക്കാമായിരുന്നു. ഈ സഹോദരിമാരുടെ മരണം കേരളീയസമൂഹത്തെ കുറച്ചൊന്നുമല്ല ഉല്‍ക്കണ്ഠപ്പെടുത്തിയത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചത്.

രണ്ടു പേരുടെയും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിനിഷ്ഠൂരമായ രീതിയില്‍ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തി. ഇത്രയും ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷമുളള മരണമാണെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിട്ടും വെറുമൊരു ആത്മഹത്യ എന്ന നിലക്കാണ് അന്ന് പോലീസ് കേസ് കൈകാര്യം ചെയ്തത്. ശക്തമായ സാമൂഹികമായ ഇടപെടലുണ്ടായപ്പോഴാണ് അന്വേഷണം നടന്നതും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുളള അഞ്ചോളം പേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതും.

തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാനുളള വ്യഗ്രത പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളെ നേര ത്തെ തന്നെ വിട്ടയച്ചിരുന്നു. പിന്നീട് തെളിവുകളുടെ അഭാവം എന്ന കാരണം ഉന്നയിച്ച് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടു എന്ന് മാത്രമല്ല പ്രതികള്‍ക്കായി വാദിച്ച അഭിഭാഷകനെ സര്‍ക്കാര്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.

ഒരേ സമയം ചൈല്‍ഡ് ലൈനില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുകയും, പോക്‌സോ കേസിലെ പ്രതിഭാഗത്തിനായി വാദിക്കുന്ന അഭിഭാഷകനാവുകയും ചെയ്യുക എന്നത് എന്തൊരു വൈരുദ്ധ്യമാണ്? അവിടെ എങ്ങനെയാണ് നീതി ലഭ്യമാവുക?

ഉദ്യോഗസ്ഥ മേധാവികളില്‍ നിന്നും വിചിത്രമായ വെളിപ്പെടുത്തലുകളാണ് പിന്നീട് കേരളം കണ്ടത്. കുഞ്ഞുങ്ങളുടെ പൂര്‍ണ്ണസമ്മത ത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് കേസന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി. സോജന്‍ മാധ്യമങ്ങളില്‍ പരസ്യമായി പറഞ്ഞു. ബാല്യം വിട്ടിട്ടില്ലാത്ത എട്ടും പതിമൂന്നും വയസ്സുളള കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇത് പറയുന്നതെന്നോര്‍ക്കണം. സ്വയം തീരുമാനമെടുക്കാനുളള അവകാശത്തിന് അര്‍ഹതയുണ്ടാവണമെങ്കില്‍ പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുമ്പോഴാണ് ഈ പൊലീസ് ഭാഷ്യം.

ഇത്തരം വിഷയങ്ങളില്‍ നാടിളകിയപ്പോള്‍ ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ അന്വേഷണത്തില്‍ കേസ് ആദ്യമന്വേഷിച്ച സബ് ഇന്‍സ്‌പെക്ടറുടെയും പ്രോസിക്യൂട്ടര്‍മാരുടെയും ഭാഗത്തുനിന്നുണ്ടായ പാളിച്ചകളും, 2017 ജനുനരി 16ന് മൊഴികൊടുത്തിരുന്നെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ലെന്ന വസ്തുതയും, ആദ്യം മരണപ്പെട്ട കുട്ടിയുടെ വസ്ത്രങ്ങള്‍ കോടതിയല്‍ ഹാജരാക്കിയില്ല എന്ന കാര്യവും കണ്ടെത്തിയിരുന്നു.

എന്നാല്‍ അടുത്ത മൂന്ന് ദിവസം അന്വേഷിച്ച പ്രേംനാഥ് എന്ന ഉദ്യോഗസ്ഥനെതിരെ പരാമര്‍ശങ്ങളില്ല താനും. മാതമല്ല കുട്ടികള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടും തുടരന്വേഷണച്ചുമതലയുളള ഡി.വൈ.എസ്.പി. സോജന് പാളിച്ചകളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. കമ്മീഷന്‍ പ്രത്യേകം പരാമര്‍ശിച്ച അനാസ്ഥതകള്‍ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാവട്ടെ കാര്യമായ ശിക്ഷാനടപടികളൊന്നും ഉണ്ടായതുമില്ല. പൊതുവെ ആശ്വാസകരമായിരുന്നില്ല കമ്മീഷന്റെ കണ്ടെത്തലുകള്‍. മാത്രവുമല്ല ഡി.വൈ.എസ്.പി സോജന് എ  സ്.പി.യായി സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കുകയും ചെയ്തു.

കേസിന്റെ പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആശ്വാസകരമല്ലാത്ത വിവരങ്ങള്‍ പുറത്ത് വന്നതിനെത്തുടര്‍ന്ന് ആ കുട്ടികളുടെ മാതാവ് കോടതിയില്‍ നീതി തേടിപ്പോയി. അവരെ പിന്‍തിരിപ്പിക്കാന്‍ അവരുടെ അവസാനത്തെ ആശ്രയമായ കൊച്ചുമകനെ പഠിക്കാന്‍ വിട്ട സ്ഥലത്ത് ആളുകള്‍ വേട്ടയാടുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇനി കണ്ണൂര്‍ ജില്ലയിലെ പാലത്തായി കേസ്. ഒരു നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അതേ സ്‌കൂളിലെ അധ്യാപകന്‍ തന്നെ പീഡിപ്പിച്ച സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ പ്രതിയെ സംരക്ഷിക്കാനുളള നീക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊതുസമൂഹത്തിന്റെ ഇടപെടല്‍ കൂടി ഉണ്ടായിട്ടും ബി.ജെ.പി.അധ്യാപക സംഘടനാ നേതാവ് കൂടിയായ കുനിയില്‍ പത്മരാജനെ ഏറെ വൈകിയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിക്കാര്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു അധ്യാപകന്‍ തന്നെ കേവലം പത്ത് വയസ്സ് മാത്രം പ്രായമുളള കൊച്ചുകുട്ടിയോട് കാണിച്ച ക്രൂരത ചെറുതായിക്കാണേണ്ട കാര്യമല്ല. തുടക്കത്തില്‍ നിസ്സാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നതെങ്കിലും മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. പ്രതി റിമാന്റിലായി തൊണ്ണൂറ് ദിവസത്തിന് ശേഷം ജനങ്ങളറിയുന്നത് പ്രതിക്ക് ജാമ്യം ലഭിച്ചു എന്നാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മനസാക്ഷിയുളള ആര്‍ക്കും അത് അംഗീകരിക്കാന്‍ കഴിയില്ല. ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടി കൊടുത്ത മൊഴി എങ്ങനെയാണ് മാറുന്നത്? പോക്‌സോ നിയമത്തിലെ 5f,5i,5m 6 വകുപ്പുകള്‍ ചേര്‍ത്ത് റിമാന്റ് ചെയ്യപ്പെട്ട കേസ് പിന്നീട് പോക്‌സോ അല്ലാതാവുന്നതെങ്ങനെയാണ്? മാര്‍ച്ച് 14ന് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനു ശേഷം മാര്‍ച്ച് 17ന് പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മാര്‍ച്ച് 18 ന് തന്നെ കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ കുട്ടി മൊഴികൊടുക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ പോക്‌സോ ചുമത്തിയത്.

ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയും തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടുകയും ചെയ്തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിലവില്‍ ലഭിച്ച തെളിവുകള്‍ പ്രകാരം പോക്‌സോയോ മറ്റു വകുപ്പുകളോ ചുമത്താമെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. കൃത്യമായ തെളിവുകളുണ്ടായിട്ടും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75,82 IPC 323,324 എന്നീ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് പീഡനത്തിന് ഇരയായതിന് തെളിവില്ലാ എന്ന് കുറ്റപത്രം സമര്‍പ്പിക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തത്.

മാത്രമല്ല കേസന്വേഷണത്തിന്റെ ചുമതലയുളള ഐ.ജി. ശ്രീജിത്ത് അന്വേഷണം പൂര്‍ത്തിയാകാത്ത കേസിനെ കുറിച്ച് ഓഡിയോ സംഭാഷണം നടത്തി. അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയേയും സാക്ഷികളേയും തിരിച്ചറിയാനിടയാക്കുന്നതും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ നല്‍കിയ രഹസ്യമൊഴിയുമടക്കം വളരെ രഹസ്യമായി സൂക്ഷിക്കേണ്ട കേസിലെ സുപ്രധാനമായ പല വിവരങ്ങളും വ്യക്തമായി വിവരിക്കുന്ന കുറ്റകരമായ പ്രവര്‍ത്തിയാണ് ഐ.ജി ശ്രീജിത്ത് ചെയ്തിരിക്കുന്നത്. നിരന്തരമായ ചോദ്യം ചെയ്യലുകളില്‍ മാനസികമായി തളര്‍ന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക് തിയ്യതിയും മണിക്കൂറുകളും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറ്റം നടന്നിട്ടില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്?

ആരെ സംരക്ഷിക്കാനാണ് കേസിലെ തിരിമറികള്‍. പാലത്തായി പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടി ആ കുട്ടിയും മാതാവും കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. അമ്മമാരുടെ കണ്ണുനീര്‍ തോരുന്നില്ല. കേരളത്തിലെ പോലീസുകാര്‍ കേസന്വേഷണത്തിന് മോശക്കാരൊന്നുമല്ല. പക്ഷെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ കോടതിയിലെത്തുമ്പോള്‍ കേസുകള്‍ ദുര്‍ബലമാകുന്നു. നിയമ നടപടികള്‍ പാലിക്കപ്പെടാതെ പോകുന്നു. കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ സര്‍ക്കാരിന്നു മുന്നില്‍ നിരത്തിയിട്ടും സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല.

പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോളും നീതി നല്‍കേണ്ട ഭരണകൂടവും ഉദ്യോഗസ്ഥ മേധാവികളും ഇങ്ങനെയൊക്കെയാണെങ്കില്‍, അല്ലെങ്കില്‍ പുറംതിരിഞ്ഞിരിക്കുകയാണെങ്കില്‍ നീതിക്കുവേണ്ടി എവിടെയാണ് അഭയം? ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണോ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണോ നിയമങ്ങളും സംവിധാനങ്ങളുമെന്ന് ഭരണകര്‍ത്താക്കള്‍ തുറന്ന് പറയേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

വി.പി സുഹറ
സാമൂഹ്യപ്രവര്‍ത്തക