പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി മുഖ്യമന്ത്രി എന്തുകൊണ്ട് 13 ദിവസം പൂഴ്ത്തിവെച്ചു? ഇരട്ടത്താപ്പ് തന്നെ: വി.ഡി. സതീശന്‍
Kerala
പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി മുഖ്യമന്ത്രി എന്തുകൊണ്ട് 13 ദിവസം പൂഴ്ത്തിവെച്ചു? ഇരട്ടത്താപ്പ് തന്നെ: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 9:35 pm

പറവൂര്‍: മുന്‍ സി.പി.ഐ.എം എം.എല്‍.എ പി.ടി. കുഞ്ഞുമുഹമ്മദിന് എതിരായ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് 13 ദിവസം പൂഴ്ത്തിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ അവ വൈകിപ്പിക്കുന്ന അന്യായം കേരളം അറിയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പറവൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി. കുഞ്ഞുമുഹമ്മദിന് എതിരെ നവംബര്‍ 27നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചത്. എന്നാല്‍ ഡിസംബര്‍ രണ്ടിനാണ് ഇത് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബര്‍ എട്ടിനും. പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ട് പൂഴ്ത്തിവെച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഒരു എം.എല്‍.എക്കെതിരെ പരാതി കിട്ടിയപ്പോള്‍ തന്നെ പൊലീസിന് കൈമാറി. എന്നാല്‍ മുന്‍ സി.പി.ഐ.എം എം.എല്‍.എക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി മുഖ്യമന്ത്രി എന്തിനാണ് പൂഴ്ത്തിവെച്ചത്? അത് ഇരട്ട നീതിയാണ്. പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാരാണെന്നാണ് പറയുന്ന മുഖ്യമന്ത്രി, ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും സ്വന്തം ഓഫീസിലുമുണ്ടെന്ന് എണ്ണിനോക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ അടൂര്‍ പ്രകാശ് നിലപാട് പറഞ്ഞിട്ടുണ്ട്. പകുതി പരാജയപ്പെട്ട കേസായതുകൊണ്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും. അത് സ്വാഭാവിക നടപടിയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്കൊപ്പമാണ് കോണ്‍ഗ്രസും യു.ഡി.എഫുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

സമരം ചെയ്യുന്നത് നശീകരണമാണെന്ന മുഖ്യമന്ത്രിയുടെ വാദം കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റമാണെന്നും കാലഹരണപ്പെട്ട ഭരണാധികാരി ആയതുകൊണ്ടാണ് അദ്ദേഹം എല്ലാത്തിനോടും പുച്ഛവും പരിഹാസവും പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘സമരങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പുച്ഛമാണ് തന്നെ അത്ഭുതപ്പെടുത്തിയത്. സമരം ചെയ്തതെല്ലാം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. പഴയ കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റമാണ് അദ്ദേഹം കാണിക്കുന്നത്. അദ്ദേഹം ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റോ അല്ല. അദ്ദേഹം തീവ്രവലതുപക്ഷവും ബൂര്‍ഷ്വാ നിലപാടുകള്‍ സ്വീകരിക്കുന്ന ആളുമാണ്. ഭരണകൂടത്തിനെതിരെയും വിഷയങ്ങള്‍ക്ക് വേണ്ടിയും ആരും സമരം ചെയ്യാന്‍ പാടില്ല. സമരം ചെയ്യുന്നവരോട് മോദി ഭരണകൂടം ഉള്‍പ്പെടെ വലതുതീവ്രപക്ഷം എടുത്തിരിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്,’ വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ആകെ നടത്തിയ ഒരു സമരം സോളര്‍ കേസില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരമാണ്. ആ സമരം സെക്രട്ടറിയേറ്റിലും നഗരത്തിലും ദുര്‍ഗന്ധം ഉണ്ടാക്കിയതോടെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നു. ആ സമരം മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മയിലുള്ളതെന്നും അദ്ദേഹം പരാമര്‍ശിച്ചു.

കാലാവസ്ഥാ വ്യതിയാനം കൂടി പരിഗണിച്ചുകൊണ്ടാണ് യു.ഡി.എഫ് പല സമരങ്ങളും ചെയ്തത്. പാരിസ്ഥിതികമായ പ്രത്യാഘാതം പരിഗണിച്ചാണ് കെ-റെയിലിനെതിരെ സമരം ചെയ്തത്. പശ്ചിമഘട്ടങ്ങളിലും തീരപ്രദേശങ്ങളിലുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറെയും ഉണ്ടാകുന്നത്. 195 രാജ്യങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ കാലവസ്ഥാ റിപ്പോര്‍ട്ടും അതിന്മേല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ പഠനവും നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷമാണ് കേരളത്തിലെതെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.

കെ-റെയിലും വയനാട് തുരങ്ക പാതയും തീരദേശ പാതയും നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മണ്ണിന്റെ ഘടനയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥാ വ്യതിയാനവും പരിഗണക്കാത്തത് കൊണ്ടാണ് ദേശീയ പാത തകര്‍ന്നുവീഴുന്നത്. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരിയെന്നാണ് അദ്ദേഹത്തിന്റെ മറുപടിയിലൂടെ വ്യക്തമാക്കുന്നതെന്നും വിമര്‍ശനമുണ്ട്.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരയായി മാറാന്‍ സാധ്യതയുള്ള പ്രദേശമാണ് കേരളം. അതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ വികസനത്തിന്റെ ഇരകള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവരുടെ പുനരധിവാസത്തിനുവേണ്ടി 472 കോടിയുടെ പദ്ധതിയുണ്ടാക്കിയത്. ഏത് വികസന പ്രവര്‍ത്തനം നടത്തുമ്പോഴും കാലാവസ്ഥാ വ്യതിയാനം പ്രധാനഘടകമായി എടുത്തില്ലെങ്കില്‍ അപകടമുണ്ടാകും.

മുന്നൂറ് കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്മെന്റുകള്‍ കെട്ടിപ്പൊക്കിയും 200 കിലോമീറ്റര്‍ ദൂരം പത്ത് അടി ഉയരത്തില്‍ മതില്‍ നിര്‍മിച്ചുമാണ് കേരളത്തില്‍ കെ-റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഈ നിര്‍മിതികള്‍ കാരണം എവിടെയെങ്കിലും വെള്ളം തങ്ങി നിന്നാല്‍ അതിന്റെ ആഘാതം കേരളത്തിനുണ്ടാകും. അതൊക്കെ ചിന്തിക്കാതെ ഒരു ഭരണാധികാരിയും തീരുമാനം എടുക്കരുത്. പിണറായി വിജയന്‍ കാലഹരണപ്പെട്ട ഭരണാധികാരിയാണ്. മുഖ്യമന്ത്രിയുടെ മനോഭാവം 25 വര്‍ഷം പിന്നിലാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

താന്‍ ഒരാളെയും സംവാദത്തിന് വെല്ലുവിളിക്കാറില്ല. സംവാദങ്ങള്‍ നല്ലതാണ്. അത് ജനാധിപത്യത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടും അക്കമിട്ട് മറുപടി നല്‍കിയില്ലെന്ന് ഫേസ്ബുക്കില്‍ എഴുതുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്ത് പറയാനാണ്. ചിലപ്പോള്‍ തന്റെ മറുപടി അദ്ദേഹം വായിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ ആരോ എഴുതിയെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അല്ലാതെ മുഖ്യമന്ത്രി ഇത്രയും നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്മകുമാറിന് എതിരെ സി.പി.ഐ.എമ്മിന് തോന്നുമ്പോള്‍ നടപടി എടുത്താല്‍ പോരെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ഹൈക്കോടി നിയോഗിച്ച എസ്.ഐ.ടി അന്വേഷണം നടത്തി അറസ്റ്റുചെയ്ത് കോടതി റിമാന്‍ഡ് ചെയ്യുകയും വീണ്ടും നല്‍കിയ ജാമ്യഹരജി തള്ളി വീണ്ടുമൊരു കവര്‍ച്ച കേസില്‍ പ്രതിയായി നില്‍ക്കുകയാണ് സി.പി.ഐ.എം. അങ്ങനെയുള്ള ആള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നില്ല. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നയാള്‍ ഇപ്പോഴും പാര്‍ട്ടിക്കാരനാണ്. കൂടുതല്‍ സി.പി.എ.ഐ.എം നേതാക്കളുടെ പേര് പറയുമെന്ന ഭയം കൊണ്ടാണ് ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായെന്നും വിമര്‍ശനമുണ്ട്. ഒമ്പത് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. എല്ലായിടത്തും അനിശ്ചതത്വമാണ്. പഴയ ഗവര്‍ണര്‍ ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിന് എന്തെങ്കില്‍ പ്രശ്നമുണ്ടാകുമ്പോള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നമാക്കി മാറ്റും. ആ ഗവര്‍ണര്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് അനുകൂലമായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: Why did the Chief Minister keep the complaint against P.T. Kunjumuhammed under wraps for 13 days? V.D. Satheesan