ഗസയിൽ വലിയതോതിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു; ഒന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല: ലോകാരോഗ്യ സംഘടന
WHO
ഗസയിൽ വലിയതോതിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു; ഒന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല: ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 8:14 am

ജനീവ: ഫലസ്തീനിലെ ലബോറട്ടറി സംവിധാനങ്ങളുടെ തകർച്ച കാരണം വലിയതോതിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന.

ഗസയിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും അത് വിവരിക്കാൻ പോലും കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാനുഷിക, ദുരന്ത പ്രവർത്തന യൂണിറ്റ് മേധാവി തെരേസ സക്കറിയ പറഞ്ഞു.

‘ഗസയിലെ ജീവിത സാഹചര്യങ്ങൾ വളരെ കഠിനമാണ്. ഇനി ഞങ്ങൾക്ക് അത് വിവരിക്കാൻ പോലും കഴിയില്ല’ അവർ പറഞ്ഞു.

ഗസയിലെ മാനുഷിക സഹായമെത്തിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നതിനാൽ രോഗനിർണയ ശേഷി പരിമിതമാണെന്നും തെരേസ സക്കറിയ കൂട്ടിച്ചേർത്തു. ജനീവയിൽ നടന്ന യു.എന്നിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഈ പ്രദേശത്ത് പടരുന്ന ബഹുഭൂരിപക്ഷം രോഗങ്ങളും നമുക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് അവ അറിയാതെ പോകുന്നത്. പടരുന്ന രോഗങ്ങളെ കണ്ടെത്താനുള്ള മതിയായ ലാബുകൾ ഗസയിലില്ല. അതുകൊണ്ടുതന്നെ എത്രതരം പകർച്ചവ്യാധികൾ പടരുന്നുണ്ടെന്നോ അതിന്റെ തീവ്രതയോ കണക്കാക്കാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുന്നില്ല,’ സക്കറിയ പറഞ്ഞു.

ഗസയിലെ ആരോഗ്യ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും രോഗങ്ങൾ കണ്ടെത്തുന്നതിനും മാനുഷിക സഹായങ്ങൾ തടസമില്ലാതെ എത്തിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

‘രോഗങ്ങൾ കണ്ടെത്താനും അവയെ പ്രതിരോധിക്കാനുമുള്ള പരിമിതിയെ തുടർന്ന് രോഗങ്ങൾ ഒരു ഇടുങ്ങിയ സാഹചര്യത്തിൽ പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്,’ അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ സംവിധാനം കടുത്ത സമ്മർദങ്ങൾ നേരിടുന്നുണ്ടെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞിരുന്നു.

ആഗോള ദാതാക്കൾ ഫണ്ടിങ് വെട്ടികുറക്കുന്നതിനെത്തുടർന്ന് സംഘർഷ പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണത്തെയടക്കം അത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlight: WHO warns of underreporting of infectious diseases in Gaza