ഇന്ദ്രന്‍സിനില്ലാത്ത ദു:ഖം പിന്നെ ആര്‍ക്കാണ്, മന്ത്രി ഒരു ശൈലിയില്‍ പറഞ്ഞതാണ്; ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ വി.എന്‍. വാസവനെ ന്യായീകരിച്ച് ബൈജു
Entertainment
ഇന്ദ്രന്‍സിനില്ലാത്ത ദു:ഖം പിന്നെ ആര്‍ക്കാണ്, മന്ത്രി ഒരു ശൈലിയില്‍ പറഞ്ഞതാണ്; ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ വി.എന്‍. വാസവനെ ന്യായീകരിച്ച് ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th December 2022, 9:06 am

ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ മന്ത്രി വി.എന്‍. വാസവനെ ന്യായീകരിച്ച് നടന്‍ ബൈജുവും ഇന്ദ്രന്‍സും. മന്ത്രി കുറ്റപ്പെടുത്തി പറഞ്ഞതായി തനിക്ക് തോന്നിയില്ലെന്നും അത് അദ്ദേഹത്തിന്റെ ശൈലിയാണെന്നും ബൈജു പറഞ്ഞു. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കേണ്ട കാര്യങ്ങളാണെന്നും ഇന്ദ്രന്‍സിനില്ലാത്ത ദു:ഖം പിന്നെ ആര്‍ക്കാണെന്നും അദ്ദേഹം ചോദിച്ചു.

അമിതാഭ് ബച്ചന്റെ ഒപ്പം തന്നെയും പരാമര്‍ശിച്ചത് ഒരു ആഘോഷമായിട്ടാണ് എടുത്തതെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. കൗമുദി മൂവിസിനോടായിരുന്നു ഇരുവരുടെയും പ്രതികരണം.

‘ബോഡിഷെയ്മിങ്ങിനെ പറ്റി പറഞ്ഞതിലൊന്നും കാര്യമില്ല. അത് കുറ്റപ്പെടുത്തി പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. മന്ത്രി പറഞ്ഞതല്ലേ. ആ ഒരു ശൈലിയില്‍ അങ്ങ് പറഞ്ഞന്നേയുള്ളൂ. അല്ലാതെ മനപ്പൂര്‍വം ഒരാളെ ടാര്‍ണീഷ് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ല. നിങ്ങള്‍ക്ക് അതില്‍ ദുഖമുണ്ടോ? (ഇന്ദ്രന്‍സ് ഇല്ലയെന്ന് പറയുന്നു). പിന്നെ ആര്‍ക്കാണ് ഇവിടെ ദു:ഖം. നമുക്ക് ദു:ഖമില്ല പിന്നെ എന്താണ് കുഴപ്പം. അതൊക്കെ അതിന്റേതായ സ്പിരിറ്റിലെടുക്കുക എന്നുള്ളതേ ഉള്ളൂ. വേറെ ഒന്നുമില്ല,’ ബൈജു പറഞ്ഞു.

ചില വ്യക്തികളുടെ അടയാളങ്ങള്‍ പറയാന്‍ പാടില്ലാത്ത അവസ്ഥ വരുകയെന്നാല്‍ ആളുകളുടെ ക്ഷമ നശിച്ചു എന്നാണ് അര്‍ത്ഥമെന്ന് ഇന്ദ്രന്‍സും പറഞ്ഞു. ‘അമിതാഭ് ബച്ചന്റെ അടുത്താണ് എന്നെ കൊണ്ട് ഇരുത്തിയത്. ഞാനത് ഭയങ്കര ആഘോഷമായി എടുത്തു. ഒരുപാട് ഫോണ്‍വിളികള്‍ വരുന്നതുകൊണ്ട് ഞാന്‍ ഫോണ്‍ ഓഫ് ചെയ്തുവെച്ചു. വിളി വരുമെന്ന് എനിക്ക് അറിയാം. ആദ്യം എനിക്ക് പിടി കിട്ടിയില്ല. വീട്ടില്‍ നിന്നും വിളിച്ചുപറഞ്ഞപ്പോഴാണ് ഫോണ്‍ ഓഫ് ചെയ്തുവെച്ചത്. ആകെ ഒരാളോട് സംസാരിച്ചു. പിന്നെ അപകടമാണെന്ന് മനസിലായി.

ചില അടയാളങ്ങളോ സ്ഥലമോ വ്യക്തികളെയോ പറയുമ്പോള്‍ ഉയരം കൂടിയ ആള്‍, തടിച്ച ആള്‍, കുടവയര്‍ ഇങ്ങനെയൊക്കെ പറയില്ലേ. അത് പറയാന്‍ പാടില്ലാത്ത ഒരു അവസ്ഥ വരുകയെന്ന് വെച്ചാല്‍ ആളുകള്‍ക്ക് ക്ഷമ നശിക്കുന്നു എന്നല്ലേ അര്‍ത്ഥം,’ ഇന്ദ്രന്‍സ് പറഞ്ഞു.

നിയമസഭാ സമ്മേളനത്തിനിടയില്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ സഭയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് മന്ത്രി വാസവന്‍ തന്നെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. മോശം പരാമര്‍ശം പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഭാ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയതായി സ്പീക്കര്‍ അറിയിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നാലെ വാസവനെതിരെ രാഷ്ട്രീയ, സിനിമ മേഖലയില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Content Highlight: who has the sorrow that Indras does not have ;  Baiju defends v.n Vasavan