കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി എം.എല്‍.എ അമര്‍നാഥ് സഖ. സി.പി.ഐ.എം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അത്തരത്തില്‍ ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ റീല്‍സ് ചിത്രീകരിക്കുന്നതിലും ഫോളേവേഴ്‌സിനെ കൂട്ടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സഖ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ബങ്കൂര ജില്ലയിലെ ഒണ്ട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അമര്‍നാഥ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലന്നും ആരെയും പ്രീതിപ്പെടുത്താന്‍ താന്‍ ശ്രമിക്കാറില്ലെന്നും അതുമൂലം ധാരാളം ശത്രുക്കള്‍ ഉണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ബി.ജെ.പിക്കെതിരെ സി.പി.ഐ.എം കരുക്കള്‍ നീക്കുന്നുണ്ടെന്നും അധികാരത്തില്‍ എത്തിയത് മുതല്‍ അവരത് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
‘ബി.ജെ.പി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മൗനം പാലിക്കുകയാണ്,’ സഖ പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ റീല്‍സ് ഉണ്ടാക്കുന്ന തിരക്കിലാണെന്നും വ്യക്തിപരമായ നേട്ടം മാത്രമാണ് അവര്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നത് വരെ അവര്‍ സെല്‍ഫ് പ്രൊമോഷന്റെ തിരക്കിലാണ്, പാര്‍ട്ടി നേതാക്കള്‍ റീല്‍സ് നിര്‍മിക്കുന്നതിലും ഫോളോവേഴ്സിനെ കൂട്ടുന്നതിലും ഫാന്‍ ക്ലബ്ബുകള്‍ ഉണ്ടാക്കുന്നതിലുമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ,’ അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടി അധികാരത്തില്‍ വന്നതിനുശേഷമാണ് നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
Content Highlight: While the CPIM is making strategic moves against the government in Bengal, party leaders are busy making Reels: BJP MLA criticizes the leadership.
