2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിക്കുകയും പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ് അജു വര്‍ഗീസ്.
തുടക്കത്തില്‍ ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘സിനിമയിലായാലും വെബ് സീരീസിലായാലും അഭിനയം നന്നായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുതന്നെയല്ലേ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞവര്‍ഷം ഈ സന്തോഷം ഞാന്‍ നന്നായി അനുഭവിച്ചു,’ അജു വര്‍ഗീസ് പറയുന്നു.
അഭിനയിക്കാന്‍ വരുമ്പോള്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്നതായിരിക്കണമെന്ന വാശി ഒരിക്കലും തനിക്ക് ഉണ്ടാകാറില്ലെന്നും ഏത് പ്ലാറ്റ്‌ഫോമിലായാലും സംവിധായകന്‍ പറയുന്നത് നന്നായി ചെയ്യാന്‍ തന്നെയാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ചെയ്തുകഴിഞ്ഞശേഷമാണ് ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതെന്നും സാധാരണ എല്ലാവരും ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്തുകഴിഞ്ഞാകും സിനിമയില്‍ എത്തുന്നതെന്നും അജു പറയുന്നു.
‘സിനിമ ചെയ്താല്‍പ്പിന്നെ അതുകഴിഞ്ഞ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ പാടില്ലെന്നൊന്നും ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ വര്‍ഷം വെബ്‌സീരീസുകള്‍ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ ഇരുകയ്യും നീട്ടി ഞാന്‍ അതിനെ സ്വീകരിച്ചത്.’അജു വര്‍ഗീസ് പറഞ്ഞു.
ഒരു നടന്‍ എന്ന നിലയില്‍ സന്തോഷം തന്ന വര്‍ഷമായിരുന്നു കടന്ന് പോയത് എന്നും കോമഡി മാത്രമാണോ ചെയ്യുന്നത് എന്നുള്ള ചോദ്യം അഭിനയം തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോമഡി മാറ്റി സീരിയസ് വേഷങ്ങള്‍ ചെയ്താലും അപ്പോഴും എല്ലാവരും ചോദിക്കും സീരിയസ് മാത്രമേ ചെയ്യുന്നുള്ളോ എന്ന്. പക്ഷെ കഴിഞ്ഞ വര്‍ഷം ഇതിന്റെ എല്ലാം മിക്‌സ് ചെയ്യാന്‍ പറ്റി എന്നതാണ് വലിയ സന്തോഷം’ അജു പറഞ്ഞു.
Content Highlight: Whether in a movie or a series, you should hear that your acting is good says Aju Varghese