സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ എന്നിവരെ ഒരുമിച്ച് കാണുമ്പോള്‍ ഒരു വൈബ് കിട്ടും: സംഗീത
Malayalam Cinema
സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ എന്നിവരെ ഒരുമിച്ച് കാണുമ്പോള്‍ ഒരു വൈബ് കിട്ടും: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 8:35 am

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സംഗീത. . ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീതയെ തേടിയെത്തിയിരുന്നു. കല്യാണത്തോടെ വെള്ളിത്തിരയില്‍ നിന്നും ഇടവേളയെടുത്ത നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

ഹൃദയപൂര്‍വ്വമാണ് ഒടുവില്‍ റിലീസായ ചിത്രം. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും സത്യന്‍ അന്തിക്കാടിനെക്കുറിച്ചും സംസാരിക്കുകയാണ് സംഗീത.

‘സത്യന്‍ സാറാണ് ഇങ്ങനെയൊരു പ്രോജക്ടിനെപ്പറ്റി ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഒരുദിവസം നേരില്‍ കണ്ടിട്ട് കഥ പറഞ്ഞു തരാമെന്നും പറഞ്ഞു. ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ഇരുപത്തഞ്ചുകൊല്ലം മുമ്പുള്ള ആഗ്രഹമായിരുന്നു അത്. സത്യന്‍ സാറിന്റെ സിനിമ ചെയ്യാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു ഭാഗ്യം കിട്ടിയതില്‍ സന്തോഷമുണ്ട്, ആവേശവും,’ സംഗീത പറയുന്നു.

സത്യന്‍ അന്തിക്കാട് അപ്‌ഡേറ്റഡാണെന്നും അദ്ദേഹത്തിന് നല്ല അറിവുണ്ടെന്നും സംഗീത പറയുന്നു. പ്രസരിപ്പോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാടെന്നും ഹൃദയപൂര്‍വം ലൊക്കേഷനില്‍ നല്ല വൈബുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ സുഹൃത്തായതുകൊണ്ട് ചിന്താവിഷ്ടയായ ശ്യാമളയുടെ ലൊക്കേഷനില്‍ സത്യന്‍ അന്തിക്കാട് വന്നിട്ടുണ്ടെന്നും അന്നൊക്കെ ഞങ്ങള്‍ തമ്മില്‍ കാണുകയും സംസാരിക്കുക യും ചെയ്തിട്ടുണ്ടൈന്നും പറഞ്ഞ സംഗീത, ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാഹചര്യം ഒത്തുവന്നത് ഇപ്പോഴാണെന്നും കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും ചിരിപ്പി ക്കുന്ന സിനിമകളാണ് കൂടുതലും കാണാറുള്ളതെന്നും സംഗീത പറഞ്ഞു. കുടുംബചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹമെന്നും ഞാന്‍ പ്രകാശന്‍ എന്ന സിനിമയാണ് തനിക്ക് കൂടുതലിഷ്ടമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ആശീര്‍വാദ് സിനിമാസുമായി വര്‍ക്ക് ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. പിന്നെ സത്യന്‍സാര്‍- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ഒരിക്കലും മിസ് ചെയ്യരുതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ ഒന്നിച്ച് കാണുമ്പോഴാണ് വൈബ് കിട്ടുക. രണ്ടാളും ഊര്‍ജസ്വലരാണ്. വളരെ അനായാസമായി ഞങ്ങളെക്കൊണ്ട് അഭിനയിപ്പിച്ചു. തുടക്കത്തില്‍ എനിക്ക് പേടിയുണ്ടായിരുന്നു. ടെന്‍ഷന്‍ കൊണ്ട് അഭിനയിക്കുമ്പോള്‍ ഒരു ബലം പിടിത്തം ഫീല്‍ചെയ്തിരുന്നു. എന്നാല്‍, ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ അതൊക്കെ മാറി. വളരെ കംഫര്‍ട്ടബിളായിരുന്നു,’ സംഗീത പറഞ്ഞു.

Content Highlight: When you see Sathyan and Mohanlal together, you get a vibe: Sangeetha