പുതുമ ചിന്തിക്കുമ്പോൾ പഴമ മറക്കുന്നു; പഴയ നടൻമാരെയും കൂടി പരിഗണിക്കണം: സായി കുമാർ
Entertainment
പുതുമ ചിന്തിക്കുമ്പോൾ പഴമ മറക്കുന്നു; പഴയ നടൻമാരെയും കൂടി പരിഗണിക്കണം: സായി കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 7:05 am

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സായി കുമാർ. 1977ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സായി കുമാർ അഭിനയജീവിതം ആരംഭിക്കുന്നത്. 1989ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെ സായി കുമാറിന് പ്രേക്ഷകശ്രദ്ധ ലഭിക്കുകയും പിന്നീട് മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു.

കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും തിളങ്ങിയ സായ് കുമാര്‍ ഹിറ്റ്‌ലര്‍ എന്ന സിനിമയി വില്ലനായി അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലനായി വേഷമിട്ടു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായി കുമാര്‍.

ഇപ്പോൾ മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. പുതുമകളിലേക്ക് ചിന്തിച്ചുതുടങ്ങുമ്പോള്‍ പഴമയുള്ളവരെ മറന്ന് പോകുന്നുവെന്നും പുതിയ സബ്ജക്ട് തെരഞ്ഞെടുക്കുന്നത് ശരിയാണെന്നും സായി കുമാർ പറയുന്നു.

എന്നാൽ പഴയ നടൻമാരെ മറന്നുപോകുന്നുവെന്നും സംഘടനയിൽ 450 പേരോളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ എത്ര പേര് വർക്ക് ചെയ്യുന്നുണ്ടെന്ന് ചോദിച്ച നടൻ ചെറിയ വേഷമാണെങ്കിലും പഴയ ആള്‍ക്കാരെ കൂടി പരിഗണിക്കണമെന്നും അതാകുമ്പോൾ പുതുമ പോകാതെ പഴമ നിലനിൽക്കുകയും ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. ആ മനസ് കൂടി പുതിയ തലമുറ കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കി എല്ലാ രീതിയിലും മലയാള സിനിമ മുന്നോട്ട് തന്നെയാണെന്നും സായി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘പുതുമകളിലേക്ക് ചിന്തിച്ചുതുടങ്ങുമ്പോള്‍ പഴമയുള്ളവരെ മറന്ന് പോകുന്നു അതാണ് കുഴപ്പം. പുതിയൊരു സബ്ജക്ട് തെരഞ്ഞെടുക്കുന്നതൊക്കെ ശരിയാണ്. പക്ഷെ, പഴമക്കാരെ മറന്നുപോകുന്നു. ഇപ്പോള്‍ നമ്മുടെ സംഘടനയില്‍ 450 പേരോളമുണ്ട്. അതില്‍ എത്ര പേരുണ്ട് വര്‍ക്ക് ചെയ്ത് നില്‍ക്കുന്നവര്‍.

ഇപ്പോഴത്തെ ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളത്, ചെറിയ വേഷമെങ്കില്‍ പോലും അവരെയും കൂടി പരിഗണിക്കണം. അതാകുമ്പോള്‍ പുതുമയും പോകില്ല പഴമ നിലനില്‍ക്കുകയും ചെയ്യും. ആ ഒരു മനസ് കൂടി നമ്മുടെ പുതിയ കുട്ടികള്‍ കാണിച്ചാല്‍, ബാക്കി എല്ലാ രീതിയിലും നോക്കുകയാണെങ്കില്‍ മലയാള സിനിമ മുന്നോട്ട് തന്നെയാണ്,’ സായി കുമാര്‍ പറയുന്നു.

Content Highlight: When thinking about the new, the old is forgotten says Sai Kumar