സത്യൻ സാർ എന്തിനാണ് ഗ്യാപ് ഇടുന്നതെന്ന് ഷൂട്ട് തീര്‍ന്നപ്പോള്‍ ഒരു ചേട്ടന്‍ അമ‍ർഷത്തോടെ ചോദിച്ചു: അനൂപ് സത്യന്‍
Malayalam Cinema
സത്യൻ സാർ എന്തിനാണ് ഗ്യാപ് ഇടുന്നതെന്ന് ഷൂട്ട് തീര്‍ന്നപ്പോള്‍ ഒരു ചേട്ടന്‍ അമ‍ർഷത്തോടെ ചോദിച്ചു: അനൂപ് സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 7:57 am

മികച്ച പ്രതികരണം കിട്ടി ഹൃദയപൂര്‍വ്വം തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയായ അനൂപ് അത്യധികം സന്തോഷത്തിലാണ്. ഇപ്പോള്‍ ഹൃദയപൂര്‍വ്വത്തെക്കുറിച്ച് സംസാരിക്കുകയാണ് അനൂപ്.

‘അച്ഛന്റെ സെറ്റ്, കുടുംബം പോലെയാണ് എന്ന് പല തലമുറകളിലുള്ളവരും പറഞ്ഞ് ഞാന്‍ കേള്‍ക്കാറുണ്ട്. ഞങ്ങള്‍ ഇരട്ടകളില്‍ അഖിലാണ് അച്ഛന്റെ കൂടെ അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ളത്. ഞാന്‍ ലാല്‍ജോസ് സാറിന്റെ കൂടെയും. വരനെ ആവശ്യമുണ്ട് ചെയ്തതിന് ശേഷമാണ് ഞാന്‍ ആദ്യമായി അച്ഛന്റെ കൂടെ നില്‍ക്കുന്നത്,’ അനൂപ് സത്യന്‍ പറയുന്നു.

ഹൃദയപൂര്‍വ്വം അനൗണ്‍സ് ചെയ്ത ദിവസം മുതല്‍ നിരന്തരം കോളുകളായിരുന്നു വന്നുകൊണ്ടിരുന്നതെന്നും അഭിനേതാക്കള്‍ തുടങ്ങി യൂണിറ്റിലെ ചേട്ടന്മാര്‍ വരെ സിനിമയുടെ ഭാഗമായി ഇരിക്കാനുള്ള അവസരം ചോദിച്ചെന്നും അനൂപ് സത്യന്‍ പറയുന്നു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന ലോജിക്ക് അപ്പോഴാണ് തങ്ങള്‍ തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അച്ഛന്‍, ലാല്‍സാറിനെ ഡയറക്ട് ചെയ്യുന്നത് കാണുമ്പോള്‍, മലയാള സിനിമയിലെ ഏറ്റവും വിലപ്പെട്ട ഒരു സെറ്റിലൊന്നിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന തിരിച്ചറിവ് ഇടക്കിടക്ക് മിന്നിക്കൊണ്ടിരിക്കും. സിനിമ തീര്‍ന്ന ദിവസം സെറ്റില്‍ ഭക്ഷണം കൊണ്ടുവരുന്ന ഒരു ചേട്ടന്‍ അല്പം അമര്‍ഷത്തോടെ പറഞ്ഞത് ‘ഈ സത്യന്‍സാര്‍ ഇങ്ങനെ ഗ്യാപ്പ് എടുക്കുന്നത് എന്തിനാണ്? ഇനി ഇപ്പൊ ഒരു കൊല്ലമൊക്കെ കഴിയും ഞങ്ങളിങ്ങനെ ഹാപ്പിയായി ജോലി ചെയ്യാന്‍. നമുക്കിത് സ്വന്തം വീട്ടില്‍ മടങ്ങിവരുന്നത് പോലെയാണ്,’ എന്നാണ്.

വീണ്ടും അതേ ക്ലീഷേ ഡയലോഗ് തന്നെയാണ് താന്‍ കേള്‍ക്കുന്നത്. ചിത്രത്തില്‍ ഒരു പുതിയ ബാച്ച് ടെക്‌നീഷ്യന്‍സ് ഉണ്ട്, അവരില്‍ പലരും മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സന്തോഷത്തിലാണെന്നും അനൂപ് സത്യന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാർ & സ്റ്റൈല്ർ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: When the shoot was over, the guy bringing the food angrily asked why there was a gap: Anoop Sathyan