2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ ഘട്ട സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഷുവര്‍ സീറ്റീല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതെ മുസ്‌ലിം ലീഗ്. മലപ്പുറമടക്കമുള്ള ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നും തന്നെ വനിതാ സ്ഥാനാര്‍ത്ഥികളെ ലീഗ് നേതൃത്വം പരിഗണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവിലെ സീറ്റ് ചര്‍ച്ചകള്‍ പ്രകാരം കാസര്‍ഗോഡ് കെ.എം. ഷാജിയെയും അനാരോഗ്യം മൂലം എം.കെ. മുനീര്‍ മത്സരംരംഗത്ത് നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ കൊടുവള്ളിയില്‍ പി.കെ. ഫിറോസിനെയും മത്സരിപ്പിച്ചേക്കും. പി.കെ. ബഷീര്‍ മറ്റൊരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഏറനാട്ടിലോ മഞ്ചേരിയിലോ അഷ്‌റഫ് അലിക്ക് സീറ്റ് നല്‍കും. പി.കെ. നവാസിനെ താനൂരിലേക്കും ലീഗ് പരിഗണിക്കുമ്പോള്‍ ഫൈസല്‍ ബാബുവിനും സീറ്റ് സാധ്യതകളുണ്ട്. ഉബൈദുള്ള, എന്‍.എ. നെല്ലിക്കുന്ന്, യു.എ. ലത്തീഫ് എന്നിവരെ മത്സരരംഗത്ത് നിന്നും മാറ്റിനിര്‍ത്തിയേക്കും.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാടിനെ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം തയ്യാറെടുക്കുന്നത്. കാലങ്ങളായി എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലമാണ് ഗുരുവായൂര്‍.
സുഹറ മമ്പാട് | Photo: Facebook
2001ലാണ് എല്‍.ഡി.എഫ് അല്ലാതെ മറ്റൊരു കക്ഷി ഒടുവില്‍ ഗുരുവായൂരില്‍ വിജയിക്കുന്നത്. 9526 വോട്ടിന് മുസ്‌ലിം ലീഗിലെ പി.കെ.കെ ബാവ വിജയിച്ചു. സ്വതന്ത്രനായി എല്‍.ഡി.എഫ് കളത്തിലിറക്കിയ സിറ്റിങ് എം.എല്‍.എ പി.ടി. കുഞ്ഞുമുഹമ്മദിനെയാണ് ബാവ അന്ന് പരാജയപ്പെടുത്തിയത്.
2006ല്‍ സി.പി.ഐ.എമ്മിന്റെ കെ.വി അബ്ദുള്‍ ഖാദറിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. മുസ്‌ലിം ലീഗിന്റെ സി.എച്ച് റഷീദിനെ 12,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ ഖാദര്‍ പരാജയപ്പെടുത്തിയത്. അടുത്ത രണ്ട് ടേമിലും അബ്ദുള്‍ ഖാദര്‍ തന്നെ ഗുരുവായൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
2021ല്‍ എന്‍.കെ അക്ബറിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. ഇത്തവണ 18,828 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ലീഗിലെ കെ.എന്‍.എ ഖാദറിനെ പരാജയപ്പെടുത്തി ഇടതുപക്ഷം ഗുരുവായൂര്‍ കോട്ട കെട്ടി കാത്തത്.
എല്‍.ഡി.എഫിന്റെ വിശേഷിച്ചും സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ഗുരുവായൂര്‍ സീറ്റില്‍ തന്നെ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇടക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വരികയും മുസ്‌ലിം ലീഗിന്റെ വനിതാ ശബ്ദമായി നിലകൊള്ളുകയും ചെയ്ത ഫാത്തിമ തഹ്‌ലിയയെയും നജ്മ തബ്ഷീറയെയും തദ്ദേശ തെരഞ്ഞെടുപ്പിലേക്കാണ് ലീഗ് നേതൃത്വം പരിഗണിച്ചത്.
ഫാത്തിമ തഹ്‌ലിയ | Photo: Facebook
ഫാത്തിമ തഹ്‌ലിയയെ കുറ്റിച്ചിറ വാര്‍ഡില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷനിലേക്കും നജ്മ തബ്ഷീറയെ തിരൂര്‍ക്കാട് ഡിവിഷനില്‍ നിന്നും പെരിന്തല്‍മണ്ണ ബ്ലോക്ക് ഡിവിഷനിലേക്കുമെത്തിച്ച് ‘ഒതുക്കാനാണ്’ ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
നജ്മ തബ്ഷീറ | Photo: Facebook
ഹരിതാ വിഷയത്തിലടക്കം സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച ഇരുവരെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന എതിര്‍ശബ്ദങ്ങളെ അടക്കി നിര്‍ത്താന്‍ കൂടിയാണ് ലീഗ് ഒരുങ്ങുന്നത്.
പി.കെ. ബഷീര്‍, കുഞ്ഞാലിക്കുട്ടി, പി.കെ. ഷംസുദ്ദീന്‍ എന്നിവരൊഴികെയുള്ള സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കാത്ത സാഹചര്യത്തില്‍ ഷുവര്‍ സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാതിരിക്കാന്‍ ലീഗ് നേതൃത്വം പ്രത്യേകം ‘ജാഗ്രത പുലര്‍ത്തി’.
കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിനെതിരെ കോണി ചിഹ്നത്തില്‍ നൂര്‍ബിന റഷീദാണ് മത്സരിച്ചത്. എല്‍.ഡി.എഫ് തരംഗത്തിനൊപ്പം ലീഗിലെ കാലുവാരലുമായപ്പോള്‍ നൂര്‍ബിന റഷീദ് അമ്പേ പരാജയപ്പെട്ടു. മത്സരിച്ചുവിജയിച്ച അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയുമായി.
നൂര്‍ബിന റഷീദ് | Photo: Facebook
ഒരുപക്ഷേ കോഴിക്കോട് സൗത്ത് ലീഗിന് അനുവദിക്കുകയാണെങ്കില്‍ നൂര്‍ബിന റഷീദിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ 2021ലേതെന്ന പോലെ കാലുവാരല്‍ ഒരുപക്ഷേ ഇത്തവണയും പ്രതീക്ഷിക്കേണ്ടി വരും.
Content Highlight: When the first phase of seat negotiations are complete, the Muslim League not considering female candidates for the sure seat.