വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്ന വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ മോദി മറുപടി ചിരിയിലൊതുക്കി, ആ ചിരിയുടെ അർത്ഥം എല്ലാവർക്കുമറിയാം: മുഖ്യമന്ത്രി
Kerala News
വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്ന വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ മോദി മറുപടി ചിരിയിലൊതുക്കി, ആ ചിരിയുടെ അർത്ഥം എല്ലാവർക്കുമറിയാം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 1:09 pm

പാലക്കാട്: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവും കേന്ദ്രവും വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണമെന്നും വിഴിഞ്ഞം അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പാലക്കാട് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിമാനത്തിൽ കയറുന്ന ഘട്ടത്തിൽ അദ്ദേഹത്തിനോട് ഞാൻ പറഞ്ഞു, ഇവിടെ വന്നതിന് നന്ദി. അവസാനം പറഞ്ഞ വാചകത്തിനും നന്ദി. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണം എന്ന് പറഞ്ഞതിന് പ്രത്യകം നന്ദി. അദ്ദേഹം മറുപടി പറഞ്ഞില്ല. വലിയൊരു ചിരിയായിരുന്നു മറുപടി. എന്തുകൊണ്ടാണ് ചിരിയിലൊതുക്കിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ കാലയളവിൽ നമുക്ക് കാണാൻ കഴിയാതിരുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ആ വാചകത്തിൽ ഉണ്ടായിരുന്നത്,’ പിണറായി വിജയൻ പറഞ്ഞു.

കേന്ദ്രം സഹായങ്ങള്‍ നല്‍കുന്നില്ല. മോദിക്ക് എല്ലാം മനസിലായിട്ടുണ്ടാകും. അതിനാലാകും ചിരിച്ചത്. പ്രതിസന്ധികളിലും സര്‍ക്കാര്‍ മുന്നോട്ട് പോയിട്ടുണ്ട്. കേന്ദ്രത്തിന്റെ ശ്വാസം മുട്ടിക്കുന്ന നടപടി ഉണ്ടായിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് തനത് വരുമാനം വര്‍ധിപ്പിച്ചത് കൊണ്ടാണ്. കടം വര്‍ധിച്ചു എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനത്തില്‍ കേന്ദ്ര വിഹിതം കുറയുകയും സംസ്ഥാന വിഹിതം കൂടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ കേരളത്തിൻ്റെ വിഹിതം കഴിഞ്ഞ വർഷം 70 ശതമാനമായി വർധിച്ചു. അടുത്ത വർഷം അത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ് സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടക്കുകയാണ്. എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തു.

നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വിശ്വാസം. അതാണ് എൽ.ഡി.എഫിന് ജനങ്ങൾ തുടർഭരണം തന്നത്. കേരളത്തിലെ സർവ മേഖലയും തകർന്ന കാലത്താണ് 2016ൽ ഇടത് മുന്നണി ഭരണത്തിൽ വന്നത്. നടക്കില്ല എന്ന് കേരളം കരുതിയ പലതും ഇടത് ഭരണം യാഥാർത്ഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.ടി മേഖലയിൽ വൻ കുതിപ്പാണ് കേരളം നടത്തിയത്. ഐ.ടി കയറ്റുമതി 2016-ൽ 34,123 കോടി രൂപ ആയിരുന്നു. നിലവിൽ 90,000 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിലും സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു.

 

Content Highlight: When thanked for the words of unity for development, Modi responded with a smile, and everyone knows the meaning of that smile: Chief Minister