ദില്ലിയും റോളക്സും ഒരേ വേദിയിൽ; വീഡിയോ വൈറൽ
Entertainment news
ദില്ലിയും റോളക്സും ഒരേ വേദിയിൽ; വീഡിയോ വൈറൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd August 2022, 11:12 pm

മുത്തയ്യ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന വിരുമാൻ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വമ്പൻ രീതിയിലാണ് നടന്നത്.

2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. അദിഥി ശങ്കർ നായികയായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നടൻ സൂര്യയും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ഓഡിയോ ലോഞ്ചിൽ നിന്നുള്ള സൂര്യയുടെയും കാർത്തിയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തുവന്ന കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ റോളെക്സായി സൂര്യ എത്തിയിരുന്നു.

ലോകേഷിന്റെ തന്നെ കൈതിയിൽ ദില്ലി എന്ന കഥാപാത്രമായി കാർത്തിയും വേഷമിട്ടതാണ്.

ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമായി ദില്ലി എന്ന കഥാപാത്രത്തെ കുറിച്ച്‌ വിക്രമിലും പരാമർശിക്കുന്നുണ്ട്. വിക്രത്തിന്റെ വരും ഭാഗങ്ങളിൽ ദില്ലിയും റോളക്സും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

ഓഡിയോ ലോഞ്ച് വേദിയിൽ കുറച്ച് സമയത്തേക്ക് ഇരുവരും ദില്ലിയായും റോളെക്സായും മാറി ഡയലോഗുകൾ പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്.

ഇതിനൊപ്പം തന്നെ ദില്ലി റോളക്സിനെ എന്താണ് ചെയ്‌തത്‌ എന്ന് കാലം പറയട്ടെ എന്നും സൂര്യ പറയുന്നുണ്ട്.

എന്തായാലും ഓഡിയോ ലോഞ്ചിലെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

യുവൻ ശങ്കർ രാജയാണ് വിരുമാന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്
രാജ് കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം അഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.

തേനിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Content Highlight: ‘when rolex mets dilli’; video goes viral in social media