അവര്‍ ആദ്യം സേനയെ പിളര്‍ത്താന്‍ നോക്കി, ഇപ്പോള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്: ഉദ്ധവ് താക്കറെ
national news
അവര്‍ ആദ്യം സേനയെ പിളര്‍ത്താന്‍ നോക്കി, ഇപ്പോള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്: ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2022, 10:21 pm

മുംബൈ: ശിവസേനയെ പിളര്‍ത്താന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണമായി ഇല്ലാതാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടത്തിയ പരിശോധന പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും താക്കറെ പറഞ്ഞു.

മുംബൈയിലെ തന്റെ വസതിയായ ‘മാതോശ്രീ’യില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു താക്കറെയുടെ പ്രതികരണം.

കുടുംബങ്ങള്‍ ഭരിക്കുന്ന മറ്റുള്ള പാര്‍ട്ടികള്‍ നശിക്കുമെന്നും വരും കാലത്ത് ബി.ജെ.പി പോലുള്ള പ്രത്യയശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ മാത്രമേ നിലനില്‍ക്കു എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബി.ജെ.പി ശിവസേനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പിന്നാലെ ഭരണഘടനാ പ്രശ്‌നങ്ങളില്‍ താക്കറെ ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജികളില്‍ മുന്നേ സമര്‍പ്പിച്ച സബ്മിഷനുകള്‍ പുനക്രമീകരിക്കാന്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തോട് സുപ്രീം കോടതി ബുധനാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.

1966ല്‍ ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനയില്‍ നിന്ന് മുന്‍കാലങ്ങളില്‍ ശക്തരായ നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയിരുന്നെങ്കിലും ജൂണില്‍ പാര്‍ട്ടി അതിന്റെ ഏറ്റവും ദാരുണമായ കൂറുമാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.

ശിവസേനക്കുള്ള 55 എം.എല്‍.എമാരില്‍ 40 പേരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഈ കൂറുമാറ്റം താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി(എം.എ) സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കും നയിച്ചിരുന്നു.