ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളില്‍ വലിയ തരംഗമായി മുന്നേറുകയാണ്. പ്രമേയത്തിലെ വ്യത്യസ്തതയും കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയും കൊണ്ട് ചിത്രം ശ്രദ്ധ നേടുമ്പോള്‍, തന്റെ കരിയറിനെക്കുറിച്ചും മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയെക്കുറിച്ചും മനസു തുറക്കുകയാണ് നടന്‍ നിവിന്‍ പോളി.
ഒരു സിനിമ പരാജയപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ പോലും നമ്മളെ നിരാശപ്പെടുത്തുമെന്നും എന്നാല്‍ പ്രേക്ഷകര്‍ നല്ല സിനിമകളെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിന്റെ തെളിവാണ് തന്റെ സമീപകാല വിജയങ്ങളെന്നും നിവിന്‍ വ്യക്തമാക്കുന്നു.
സര്‍വംമായ ഹിറ്റായപ്പോഴാണ് പ്രേക്ഷകര്‍ക്ക് നമ്മളോട് ഇന്നും വലിയ ഇഷ്ടമുണ്ടെന്ന് എനിക്ക് കൃത്യമായി മനസിലായത്. പ്രേക്ഷകര്‍ സിനിമ കാണാന്‍ തിയേറ്ററിലെത്താന്‍ തയ്യാറാണ്, ഇനി നമ്മള്‍ ശരിയായ സിനിമകള്‍ നല്‍കിയാല്‍ മാത്രം മതി.

നിവിൻ പോളി. Photo. Screen grab/ Youtube
നമ്മുടെ ഒരു സിനിമ പരാജയപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ പറയും’അയ്യോ, വലിയ പ്രശ്‌നമാണ്, കരിയര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്’ എന്നൊക്കെ. അപ്പോള്‍ നമ്മളും കരുതാം പ്രേക്ഷകര്‍ക്ക് നമ്മളെ വേണ്ടാതായെന്ന്. എന്നാല്‍ അങ്ങനെയൊന്നുമല്ല.
നമ്മള്‍ ക്ലീനായി ഒരു ശരിയായ സിനിമ നല്‍കിയാല്‍ അത് കാണാന്‍ ആള്‍ക്കാരുണ്ടെന്ന് എനിക്ക് മനസിലായത് സര്‍വംമായയുടെ വിജയത്തോടെയാണ്. ഇപ്പോള്‍ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ കൂടി വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ സന്തോഷമുണ്ട്.
പ്രേക്ഷകര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ജോലിയോട് വലിയൊരു ഉത്തരവാദിത്തം തോന്നും. എങ്കില്‍ത്തന്നെയും ഒരു നടനെന്ന നിലയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മലയാളത്തില്‍ വലിയ സിനിമകള്‍ വരണമെന്നാണ് എന്റെ ആഗ്രഹം, എങ്കില്‍ മാത്രമേ ഇന്‍ഡസ്ട്രിക്ക് യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാകൂ. വലിയ ബജറ്റ് സിനിമകള്‍ എന്ന് പറയുമ്പോള്‍ പണം മുടക്കുന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അത്തരം സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
ചിലത് വളരെ വലിയ ബജറ്റുള്ളതാണ്, ചിലത് അത്ര വലിയ ബജറ്റല്ല. ഇപ്പോള്‍ എല്ലാവരും അതിനായി ശ്രമിക്കുന്നുണ്ട്. ദുല്‍ഖര്‍ ‘ഐ ആം ഗെയിം’ ചെയ്യുന്നത് അത്തരമൊരു ബിഗ് ബജറ്റ് ചിത്രം മലയാളത്തില്‍ വരണമെന്ന ആഗ്രഹത്തിലാണ്.
പൃഥ്വിരാജും ലാലേട്ടനും മമ്മൂക്കയുമെല്ലാം ഇതിനായി തന്നെയാണ് പരിശ്രമിക്കുന്നത്. എല്ലാവരുടെ സിനിമകളും വിജയിക്കട്ടെ. മലയാളത്തില്‍ നിന്ന് ഓരോ വര്‍ഷവും ഓരോ ആക്ടര്‍മാരില്‍ നിന്നും മികച്ച സിനിമകള്‍ വരട്ടെ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ നിവിന്‍ പോളി പറഞ്ഞു.
Content Highlight: When our film fails, people around us say our career is over, Nivin Pauly
