മോഹൻലാലിനോട് അക്കാര്യം പറയുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ നാണിക്കും: സിനിമാറ്റോഗ്രാഫർ അനു മൂത്തേടത്ത്
Malayalam Cinema
മോഹൻലാലിനോട് അക്കാര്യം പറയുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ നാണിക്കും: സിനിമാറ്റോഗ്രാഫർ അനു മൂത്തേടത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th September 2025, 9:41 am

മലയാള സിനിമയിലെ എവർ ക്ലാസിക് കോമ്പോ സത്യൻ അന്തിക്കാട് – മോഹൻലാൽ വീണ്ടും ഒന്നിച്ച ഹൃദയപൂർവ്വം റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഒരുപാട് സസ്‌പെൻസുകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തനി സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ഹൃദയപൂർവ്വം. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

ഓണം റിലീസ് ആയി എത്തിയ ചിത്രം ഓഗസ്റ്റ് 28നാണ് റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. സിനിമയിപ്പോൾ ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. പകുതിയോളം പൂനെയിൽ ചിത്രീകരിച്ച ഹൃദയപൂർവ്വം അതിന്റെ മനോഹാരിതയിൽ ക്യാമറയിൽ ഒപ്പിയെടുത്തത് അനു മൂത്തേടത്ത് എന്ന സിനിമാറ്റാഗ്രാഫറായിരുന്നു. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ലാൽ സാറിന്റെ കടുത്ത ആരാധകനാണ് ഞാൻ. മുമ്പ് രണ്ട് പരസ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ ആദ്യമായിട്ടായിരുന്നു. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോവുന്നത്.

ആ പ്രതീക്ഷയ്ക്കും മുകളിലായിരുന്നു ലാൽ സാർ. നേരിട്ട് കാണുന്നതും ക്യാമറയിലൂടെ കാണുന്നതും ഒരുപാട് വ്യത്യാസമുണ്ടെന്ന് മുമ്പ് പലരും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് എന്റെയും അഭിപ്രായം. ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോൾ എന്തോ മാജിക് സംഭവിക്കുന്നതുപോലെ തോന്നും. ചില ഷോട്ടുകൾ കഴിയുമ്പോൾ ഞാൻ ലാൽ സാറിനോട് പറയും, ‘സാർ, ഇത് അതിഗംഭീരമായി’ എന്ന്. അപ്പോൾ അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ നാണിക്കുന്നത് കാണാം,’ അനു മൂത്തേടത്ത് പറയുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വരെ സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പോയിൽ പ്രവർത്തിക്കാനാകുമോയെന്ന് ചോദിച്ചാൽ അതൊരു സ്വപ്‌നമായിരുന്നുവെന്ന് പറയുമായിരുന്നുവെന്നും ഇപ്പോൾ ആ വലിയ സ്വപ്‌നം പൂർത്തീകരിച്ചുവെന്നും അനു മൂത്തേടത്ത് പറയുന്നു.

Content Highlight: When I tell Mohanlal about it, he gets shy like a little child says Anu Moothedath