ഞാൻ അത് ചെയ്യുമ്പോൾ ലാലേട്ടൻ എന്നെ ഉപദേശിക്കും; വെറുതെയിരിക്കാൻ ഇഷ്ടമല്ല: സംഗീത് പ്രതാപ്
Malayalam Cinema
ഞാൻ അത് ചെയ്യുമ്പോൾ ലാലേട്ടൻ എന്നെ ഉപദേശിക്കും; വെറുതെയിരിക്കാൻ ഇഷ്ടമല്ല: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 7:15 am

എഡിറ്ററായി സിനിമാരംഗത്തേക്ക് പ്രവേശനം. പിന്നീട് ചെറിയ റോളിലൂടെ അഭിനയത്തിലേക്ക് കടന്ന നടനാണ് സംഗീത് പ്രതാപ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സംഗീത് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെട്ടു. അവസാനമായി മോഹൻലാലിന്റെ കൂടെ ഹൃദയപൂർവ്വത്തിലും എത്തി. ഇപ്പോൾ മോഹൻലാൽ തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ.

‘ഞാൻ എപ്പോഴും സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരിക്കുന്ന ആളാണ്. എന്താണ് നടക്കുന്നതെന്നും റെലവന്റായ കാര്യങ്ങൾ മനസിലാക്കാനുമാണ് അങ്ങനെ ചെയ്യുന്നത്. എന്റെ ജീവിതത്തിലായാലും എപ്പോഴും ഫോണിൽ തന്നെയാണ് ഞാൻ. വെറുതെ ഇരിക്കുന്നത് കുറച്ച് പാടുള്ള കാര്യമാണ്. അത് കാണുമ്പോൾ ലാലേട്ടൻ പറയും ‘നീ എപ്പോഴും ഇങ്ങനെ ഫോണിൽ നോക്കിയിരിക്കല്ലേ’ എന്ന്,’ സംഗീത് പറയുന്നു.

തന്നെ സംബന്ധിച്ച് വെറുതെ ഇരിക്കുക എന്നത് പ്രയാസമുള്ള പരിപാടിയാണെന്നും തനിക്കെപ്പോഴും ബിസിയായി ഇരിക്കണമെന്നും സംഗീത് പറയുന്നു. അത് സെറ്റിലായാലും അങ്ങനെത്തന്നെയാണെന്നും സിനിമയും സോഷ്യൽ മീഡിയയും വായനുമാണ് തന്റെ പ്രധാന ഹോബിയെന്നും നടൻ കൂട്ടിച്ചേർത്തു.

എന്നാൽ സെറ്റിൽ ചെന്നിരുന്ന് ബുക്ക് വായിച്ചിരുന്നാൽ അത് ജാഡയായി പോകുമെന്നും ചിലർ ബുദ്ധിജീവിയെന്ന് വിളിക്കുമെന്നും സംഗീത് പറഞ്ഞു.

അക്കാരണം കൊണ്ടാണ് താൻ സോഷ്യൽ മീഡിയയിൽ ലൈവാകുന്നത്. എന്നാൽ താൻ മോഹൻലാൽ ഇല്ലാത്തപ്പോൾ മാത്രമാണ് ഫോൺ നോക്കാറുള്ളത്. പക്ഷേ അദ്ദേഹം കൃത്യമായി ആ സമയം തന്റെ പിന്നിൽ വരുമെന്നും നടൻ പറയുന്നു.

അതുകാണുമ്പോൾ തന്നോട് എപ്പോഴും ഫോണിൽ നോക്കിയിരിക്കരുത് തങ്ങളോടൊപ്പം വന്നിരിക്കാൻ പറയും. അവരൊക്കെ ഉള്ളപ്പോൾ സെറ്റ് ഫുൾ എൻജോയ്‌മെന്റാണ് സംഗീത് കൂട്ടിച്ചേർത്തു.

തുടരും എന്ന സെറ്റിൽ വെച്ചിട്ടാണ് ആദ്യമായി മോഹൻലാലിനെ കണ്ടതെന്നും എന്നാൽ അന്ന് ഒറ്റ ദിവസം മാത്രമായിരുന്നത് കൊണ്ട് തനിക്ക് അധികം സംസാരിക്കാൻ പറ്റിയില്ലെന്നും സംഗീത് പറഞ്ഞു.

അന്ന് മോഹൻലാലുമായി കമ്പനിയാകാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിലാണ് താൻ സെറ്റിൽ നിന്നും പോയതെന്നും സിനിമ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അടുത്തിരുന്നാണ് താൻ സിനിമ കണ്ടതെന്നും എന്നാൽ ഹൃദയപൂർവ്വത്തിന്റെ സെറ്റിലെത്തിയപ്പോൾ താൻ കണ്ടത് വ്യത്യസ്തനായ മോഹൻലാലിനെ ആയിരുന്നെന്നും സംഗീത് കൂട്ടിച്ചേർത്തു.

പ്രേമലു എന്ന സിനിമയ്ക്ക് ശേഷം എന്താണെന്ന കൺഫ്യൂഷനിലായിരുന്നു താനെന്നും ആ സമയത്ത് നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിച്ചതെന്നും തനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം ഇങ്ങോട്ട് തേടിവന്നതാണെന്നും നടൻ പറഞ്ഞു.

Content Highlight: When I do that, Mohanlal will advise me says Sangeeth Prathap