ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ‘വലതു വശത്തെ കള്ളൻ’ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ദൃശ്യം എന്ന ബ്രാൻഡിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച ജീത്തു ജോസഫിന്റെ പുതിയ ചിത്രം എന്ന നിലയിൽ തന്നെ റിലീസിന് മുമ്പേ സിനിമയ്ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ചിത്രത്തിന്റെ ടൈറ്റിലും അതിനുള്ളിലെ അർഥവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ കൗതുകമായി മാറിയിരിക്കുകയാണ്.
വലതു വശത്തെ കള്ളൻ, Photo: IMDb
ബിജു മേനോനും ജോജു ജോർജും തമ്മിലുള്ള ശക്തമായ അഭിനയമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഇതുവരെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘വലതു വശത്തെ കള്ളൻ’ ശ്രദ്ധേയമാക്കി. ഇരുവരും തമ്മിൽ മത്സരിച്ചുള്ള അഭിനയം തന്നെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം.
റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ പേരിനെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങളുയർന്നിരുന്നു. ‘വലതു വശത്തെ കള്ളൻ’ എന്ന പേര് എന്താണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. സിനിമയുടെ റിലീസിന് ശേഷം ബൈബിളിലെ ഒരു സൂചനയുമായി ഈ പേര് ബന്ധിപ്പിക്കപ്പെടുന്നു എന്നതാണ് പ്രേക്ഷകർ കണ്ടുപിടിച്ചത്.
വലതു വശത്തെ കള്ളൻ, Photo: IMDb
യേശുവിനെ കുരിശിലേറ്റുമ്പോൾ ഇടതുവശത്തും വലതുവശത്തുമായി രണ്ട് കള്ളന്മാർ ഉണ്ടായിരുന്നുവെന്നും, അതിൽ വലതു വശത്തുണ്ടായിരുന്ന കള്ളൻ തന്റെ കുറ്റങ്ങൾ ഏറ്റുപറഞ്ഞുവെന്ന വിശ്വാസവുമാണ് ടൈറ്റിലിന് പിന്നിലെ ആശയമെന്നാണ് പ്രേക്ഷകർ കണ്ടുപിടിച്ചത്. സിനിമയുടെ അവസാനഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് ഈ പേരിന്റെ പൂർണ അർഥം പ്രേക്ഷകർക്ക് വ്യക്തമായി ബോധ്യപ്പെടുന്നതെന്നും, അപ്പോൾ ടൈറ്റിലിനോട് കഥ പൂർണ നീതി പുലർത്തുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
സാമുവൽ ജോസഫ് (ജോജു ജോർജ്) ആന്റണി സേവ്യർ (ബിജു മേനോൻ) എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. അഴിമതിയുടെ കറ പുരണ്ട പൊലീസ് ഓഫീസറായാണ് ബിജു മേനോൻ എത്തുന്നത്. അതേസമയം, കുടുംബത്തിനായി എന്തും ചെയ്യാൻ തയ്യാറാകുന്ന സ്നേഹനിധിയായ അച്ഛനും അതിബുദ്ധിമാനായ ഹാക്കറുമായാണ് ജോജു ജോർജിന്റെ കഥാപാത്രം. പുതുമയില്ലാത്ത കഥയെന്ന തോന്നൽ ഉണ്ടെങ്കിലും, അവതരണവും താരങ്ങളുടെ പ്രകടനവും സിനിമയെ വേറിട്ട അനുഭവമാക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.