ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം; നേരത്തേയും സമാനപേരില്‍ സിനിമ വന്നിട്ടുണ്ടല്ലോ? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
Kerala News
ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം; നേരത്തേയും സമാനപേരില്‍ സിനിമ വന്നിട്ടുണ്ടല്ലോ? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 2:39 pm

കൊച്ചി: ജനാകിയെന്ന പേര് മാറ്റാതെ സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്താണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. ഹരജി തിങ്കളാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം ജാനകി എന്ന പേര് മാറ്റാന്‍ നിര്‍ദേശം നല്‍കിയ കാര്യം സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ സമ്മതിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ചിത്രത്തിന് പേര് നല്‍കിയതെന്നും 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ വിലക്കുണ്ട് എന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

ജാനകി എന്ന പേര് ഉപയോഗിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയ്ക്ക് എന്ത് പേരിട്ടാലും എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. ജാനകി,ഗീത എന്നുള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേര് അല്ലേയെന്നും കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സിനിമയ്ക്ക് പിന്തുണയറിച്ചുകൊണ്ട് ഫെഫ്ക രംഗത്തെത്തി. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു. തിങ്കളാഴ്ച്ചയാണ് സമരം നടത്തുക. സമരത്തില്‍ ഫെഫ്കയോടൊപ്പം നിര്‍മാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സീതയുടെ പേരായ ജാനകി എന്ന പേര് നല്‍കിയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേറ്റ് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ ചീറ്റ് നല്‍കിയ സിനിമയായിരുന്നു ഇത്.

എന്നാല്‍ പേര് മാറ്റാതെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അറിയിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിരവധി തവണ ഉപയോഗിക്കുന്ന പേര് മാറ്റാന്‍ തടസമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ചിത്രത്തിന് അനുമതി നിഷേധിച്ചു.

എന്നാല്‍ അനുമതി നിഷേധിച്ചതിനെ അണിയറ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസ് കമ്മിറ്റി സിനിമ വീണ്ടും കണ്ടു. എന്നിട്ടും തീരുമാനത്തിന് മാറ്റം ഉണ്ടായില്ല.

സിനിമയെ വളരെ അധികം അഭിനന്ദിച്ചാണ് കമ്മിറ്റി അംഗങ്ങള്‍ സംസാരിച്ചതെന്നും സാമൂഹിക പ്രസക്തിയുള്ള സിനിമയാണെന്നും സംവിധാനമികവും നന്നായിട്ടുണ്ടെന്നും റിവ്യു കണ്ടതിന് ശേഷം കമ്മിറ്റി പറഞ്ഞെങ്കിലും ജാനകി പേര് മാറ്റണം എന്ന നിലപാടില്‍ കമ്മിറ്റി ഉറച്ച് നിന്നു.

പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്കും അനുപമ പരമേശ്വരനും പുറമെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍ തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്. സിനിമയുടെ ട്രെയ്ലറും ടീസറും നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു.

Content Highlight: What’s wrong with the name Janaki? There’s already a movie with the same name; High Court tells Censor Board