തിയേറ്ററില്‍ ജനം കുറയുന്നതിന് കാരണമെന്താണ്; ചോദ്യവുമായി ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
Entertainment news
തിയേറ്ററില്‍ ജനം കുറയുന്നതിന് കാരണമെന്താണ്; ചോദ്യവുമായി ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 10:39 pm

ഓപ്പറേഷന്‍ ജാവയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. സൗദി വെള്ളക്കയാണ് തരുണിന്റെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മേയ് 20ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണം എന്താണെന്ന് ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

‘മലയാള സിനിമ വളരണം, നമ്മുടെ സിനിമകള്‍ ലോകം സംസാരിക്കണം എന്ന ആഗ്രഹത്തിലാണ് നമ്മളില്‍ പലരും ഇവിടെ സിനിമകള്‍ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നു.
പക്ഷെ തീയേറ്ററില്‍ ജനം കുറയുന്നതിന് കാരണം എന്താണ് എന്ന് അറിയാന്‍ താല്പര്യം ഉണ്ട്.’ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തരുണ്‍ ചോദിക്കുന്നത്.

കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. ഒ..ടി.ടി റിലീസ് നേരത്തെ ഉണ്ടായത് കൊണ്ടാണ് തിയേറ്ററില്‍ ആളുകള്‍ കുറയുന്നതെന്നും, അതല്ല മാസ് ആക്ഷന്‍ ചിത്രങ്ങളുടെ കുറവാണ് തിയേറ്ററില്‍ ആളുകള്‍ കയറാത്തതിന് കാരണമെന്നുമൊക്കെയാണ് നിരവധി പേര്‍ അഭിപ്രായപെടുന്നത്.

ഓപ്പറേഷന്‍ ജാവയിലെ താരങ്ങള്‍ തന്നെയാണ് സൗദി വെള്ളക്കയിലും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു, സുധി കോപ്പ, ദേവി വര്‍മ്മ, ശ്രിന്ദ, ഗോകുലന്‍, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ. പാലി ഫ്രാന്‍സിസാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ചിത്രത്തിന്റെ ആര്‍ട്ടും കൈകാര്യം ചെയ്യുന്നു.

Content Highlight :  What is the reason for the decline in the number of people in the theater question asked by tarun moorthy