ബേണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയത്തെ ട്രോളി സ്വിറ്റ്സര്‍ലന്‍ഡ് വാച്ച് നിര്‍മാതാക്കളായ സ്വാച്ച്. വാച്ചിലെ അക്കങ്ങളുടെ സ്ഥാനം മാറ്റിയാണ് ട്രംപിനെ പരിഹസിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടിക്കെതിരെയാണ് കമ്പനിയുടെ പരിഹാസം.
39 എന്ന അകത്തെ അടിസ്ഥാനമാക്കിയാണ് സ്വാച്ച് രംഗത്തെത്തിയത്. വാച്ചിലെ ‘മൂന്ന്’ എന്ന അക്കത്തിന്റെ സ്ഥാനത്ത് ഒമ്പതും ഒമ്പതിന്റെ സ്ഥാനത്ത് മൂന്നും നല്‍കിയാണ് സ്വാച്ചിന്റെ പ്രതിഷേധം. പുതിയ വാച്ചിന് ‘What If Tariff’ എന്നും പേര് നല്‍കിയിട്ടുണ്ട്.
ഈ വാച്ച് ലിമിറ്റഡ് എഡിഷനായിരിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ സ്വിറ്റ്സര്‍ലന്‍ഡില്‍ മാത്രമേ ഈ വാച്ച് ലഭ്യമാകുകയുള്ളു. പുതിയ മോഡലിന് ആവശ്യക്കാര്‍ ഏറെയാണെന്നും അതുകൊണ്ട് തന്നെ പ്രൊഡക്ഷന്‍ തുടരാനാണ് തീരുമാനമെന്നും സ്വാച്ച് വക്താവ് സി.എന്‍.എന്നിനോട് പ്രതികരിച്ചു.
ഭാവിയില്‍ യു.എസ് തീരുവയില്‍ മാറ്റം വരുത്തുകയോ യു.എസും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെക്കുകയോ ചെയ്താല്‍ പുതിയ മോഡലിന്റെ വില്‍പന നിര്‍ത്തുമെന്നും കമ്പനി വക്താവ് അറിയിച്ചു.
‘യു.എസ് ചുമത്തിയ തീരുവയെ കുറിച്ച് നമ്മുടെ സര്‍ക്കാര്‍ മറന്നുപോയെന്ന് തോന്നുന്നു. നമ്മുടെ പ്രതിനിധികളെയും സര്‍ക്കാരിനെയും ഉണര്‍ത്തേണ്ടതുണ്ട്,’ സ്വാച്ച് വ്യക്തമാക്കി. നിലവിലെ ട്രംപ് നയങ്ങള്‍ക്കെതിരായ വ്യാവസായിക നീക്കത്തിനും പ്രതിരോധത്തിനുമാണ് സ്വാച്ച് ആരംഭം കുറിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
സ്വാച്ചിന്റെ ഏറ്റവും പുതിയ മോഡലിന് 139 സ്വിസ് ഫ്രാങ്ക് ആണ് വില. അതായത് 15,348 രൂപ. പുതിയ മോഡലുകള്‍ കയറ്റുമതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ യു.എസിന്റെ 39 ശതമാനം തീരുവ ഇവയ്ക്ക് ബാധകമായിരിക്കില്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വിസ് വാച്ചുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് യു.എസിലേക്കാണ്. 2024ലെ മാത്രം കയറ്റുമതി 5.4 ബില്യണ്‍ ഡോളറാണെന്നാണ് ഫെഡറേഷന്‍ ഓഫ് സ്വിസ് വാച്ച് ഇന്‍ഡസ്ട്രിയുടെ ഡാറ്റകള്‍ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡുമായി ഒരു കസ്റ്റംസ് കരാറില്‍ ഒപ്പുവെക്കുമെന്ന് യു.എസ് വാണിജ്യകാര്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക് പറഞ്ഞിരുന്നു.
ഓഗസ്റ്റിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വിസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയത്. പിന്നാലെ സ്വിസ് പ്രസിഡന്റ് കരിന്‍ കെല്ലര്‍-സട്ടര്‍ യു.എസിലേക്ക് പോയെങ്കിലും ഗുണകരമായ ഫലങ്ങളൊന്നും ഉണ്ടായില്ല.
Content Highlight: ‘What if tariffs’; Swiss watch company Swatch mocks US’s 39 percent tariff