സ്വകാര്യ ചാനൽ ഷോയിൽ പറഞ്ഞത് വലിയ ചർച്ചയായി; ഞാൻ അഹങ്കാരിയാണെന്ന് വരെ പ്രചരിച്ചു: നവ്യ നായർ
Entertainment
സ്വകാര്യ ചാനൽ ഷോയിൽ പറഞ്ഞത് വലിയ ചർച്ചയായി; ഞാൻ അഹങ്കാരിയാണെന്ന് വരെ പ്രചരിച്ചു: നവ്യ നായർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 4:24 pm

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി.

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവ്യ നേടിയെടുത്തു. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തെ കൂടാതെ മറ്റുഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് നവ്യ.

അഭിപ്രായം തുറന്ന് പറയുന്ന നടിമാർ വിമർശിക്കപ്പെടുന്നത് കാണുമ്പോൾ പണ്ട് താനും ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് നവ്യ നായർ പറയുന്നു. അന്ന് സോഷ്യൽ മീഡിയ സജീവമല്ലാതിരുന്നത് കൊണ്ടാണ് പലതും അധികം ശ്രദ്ധിക്കാത്തതെന്നും നടി പറഞ്ഞു.

താൻ സ്വകാര്യ ചാനൽ ഷോയിൽ പറഞ്ഞത് വലിയ ചർച്ചയായെന്നും താൻ അഹങ്കാരിയാണെന്ന് പ്രചരിച്ചതെന്നും നവ്യ പറയുന്നു. ഇന്നത്തെ കുട്ടികൾ ഇഷ്‌ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റെന്നും ഏതു സംഘടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണമെന്നും നവ്യ കൂട്ടിച്ചേർത്തു.

‘പല പ്രശ്‌നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാർ വിമർശിക്കപ്പെടുന്നത് കാണുമ്പോൾ ഓർക്കാറുണ്ട്, പണ്ട് ഞാനും ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്. അന്ന് സോഷ്യൽമീഡിയ ഇത്രയും സജീവമല്ലാതിരുന്നത് കൊണ്ട് പലതും കത്തിക്കയറിയില്ല എന്നുമാത്രം.

ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നുപറഞ്ഞത് വലിയ ചർച്ചയായി. ഞാൻ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു.

പക്ഷേ, ഇപ്പോഴും എൻ്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികൾ ഇഷ്‌ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്. പക്ഷേ, ഏതു സംഘടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം. പ്രശ്‌നങ്ങൾ ഉണ്ടാക്കാനാകരുത്. പ്രശ്നങ്ങളുള്ളപ്പോൾ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്,’ നവ്യ നായർ പറയുന്നു.

Content Highlight: What I said on a private channel show became a big discussion; It was even said that I was arrogant says Navya Nair