കേന്ദ്ര സര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്; ഡോര്‍സേ പറഞ്ഞത് ശരിയാണ്: രാകേഷ് ടികായത്ത്
national news
കേന്ദ്ര സര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്; ഡോര്‍സേ പറഞ്ഞത് ശരിയാണ്: രാകേഷ് ടികായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2023, 1:50 pm

ന്യൂദല്‍ഹി: ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രസര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഡോര്‍സേ പറഞ്ഞത് ശരിയാണെന്ന് ടികായത്ത് പറഞ്ഞു.

‘ കര്‍ഷക സമരത്തിന് പ്രതീക്ഷിച്ചത്ര റീച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും ലഭിക്കുന്നില്ലെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അത് അവരുടെ പരിധിയിയില്‍ മാത്രം നിര്‍ത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ ഡോര്‍സേ ഇതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കമ്പനികള്‍ അത്തരം സമര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണ്,’ ടികായത്ത് എ.എന്‍.ഐയോട് പറഞ്ഞു.

ഡോര്‍സേയുടെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ശിവസേന ഉദ്ധവ് പക്ഷം എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ‘അവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ഷകരെ തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും വിളിച്ചു. പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചു,’ പ്രിയങ്ക പറഞ്ഞു.

കര്‍ഷക സമരത്തിന്റെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടായി എന്നായിരുന്നു ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേ വെളിപ്പെടുത്തിയത്.

അല്ലാത്തപക്ഷം ഓഫീസുകള്‍ പൂട്ടുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും സമ്മര്‍ദമുണ്ടായതായും അദ്ദേഹം പറഞ്ഞിരുന്നു. ബ്രേക്കിങ് പോയിന്റെന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭീഷണികളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വിദേശ സര്‍ക്കാറുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം നേരിട്ടിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് ഇന്ത്യ അതിനൊരു ഉദാഹരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം അദ്ദേഹം വിശദീകരിച്ചത്.

‘ഇന്ത്യ ഒരു ഉദാഹരണമാണ്. കര്‍ഷക സമരങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റുകള്‍ ഒരുപാട് വന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ട്വിറ്റര്‍ പൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും എന്ന് അവര്‍ പറഞ്ഞു. അത് ചെയ്യുകയും ചെയ്തു. നിങ്ങള്‍ ഇത് അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഡോര്‍സേയുടെ ആരോപണങ്ങള്‍ നുണയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമര സമയത്ത് ധാരാളം തെറ്റായ വാര്‍ത്തകളും വ്യാജ റിപ്പോര്‍ട്ടിങ്ങും ട്വിറ്ററില്‍ വന്നിരുന്നു. അത്തരം ഉള്ളടക്കങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടാന്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  What dorsey said is correct : Rakesh tikait